ADVERTISEMENT

ആശ ശോഭന ആദ്യമായി ഒരു ക്രിക്കറ്റ് സിലക്ഷന് പോയ ദിവസം മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിലായിരുന്നു; മകളെ കാണാനില്ലെന്ന പരാതിയുമായി!  തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജില്ലാ ടീമിലേക്കുള്ള സിലക്ഷൻ ട്രയൽസ് നടക്കുന്നുവെന്ന് കായികാധ്യാപിക തങ്കമണി ടീച്ചർ അറിയിച്ചപ്പോൾ കോട്ടൺഹിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ പന്ത്രണ്ടുകാരി ആശ ബാഗുമെടുത്ത് നേരേ സ്റ്റേഡിയത്തിലേക്കു കുതിച്ചു. ജില്ലാ ടീമിൽ‌ സിലക്ഷൻ ലഭിച്ചെന്ന സന്തോഷ വാർത്തയുമായി വീട്ടിൽ തിരിച്ചെത്തുമ്പോൾ സമയം രാത്രി 7.30.

വൈകുന്നേരം 5ന് മുൻപായി സ്കൂൾ വിട്ട് എത്താറുള്ള മകളെക്കുറിച്ചുള്ള ആശങ്ക അപ്പോഴേക്കും മാതാപിതാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. 21 വർഷം മുൻപ് ഇങ്ങനെ എല്ലാവരെയും ‘ഞെട്ടിച്ച്’ ആരംഭിച്ച ആശയുടെ ക്രിക്കറ്റ് യാത്രയാണ് വനിതാ പ്രിമിയർ ലീഗ് ട്വന്റി20 കിരീടമെന്ന വിസ്മയ നേട്ടത്തിൽ എത്തിനിൽക്കുന്നത്. 

വനിതാ പ്രിമിയർ ലീഗിലെ ഒരു മത്സരത്തിൽ 5 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം ഇത്തവണ സ്വന്തമാക്കിയ തിരുവനന്തപുരം പേരൂർക്കട സ്വദേശിനി ആശ ഈ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ (12) രണ്ടാംസ്ഥാനത്തുമുണ്ട്. കരിയറിൽ വഴിത്തിരിവായ സീസണി‍നൊടുവിൽ റോയൽ ‍ചാലഞ്ചേഴ്സ് ടീമംഗം മനോരമയോട് സംസാരിക്കുന്നു. 

Read Also: തൊട്ടതെല്ലാം പൊന്നാക്കി, ആർസിബിയുടെ കിരീട ദാഹം തീർത്തു; പൊൻ താരകം എലിസ് പെറി

കമന്ററിയിൽ നിന്ന് ക്യാപ്റ്റനിലേക്ക്

ഒന്നര പതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണ്. 2008 മുതൽ‌ കേരള ജഴ്‌സിയിൽ കളിച്ചു തുടങ്ങി. വിവിധ പ്രായ വിഭാഗങ്ങളിൽ കേരള ടീമിന്റെ ക്യാപ്റ്റനായി. ജോലി ലഭിച്ചതിനുശേഷം റെയിൽവേയ്ക്കുവേണ്ടിയും കളിച്ചു. ഇടയ്ക്കു ഫോം മങ്ങിയപ്പോൾ‌ അവസരങ്ങൾ കുറഞ്ഞു. അതോടെ ക്രിക്കറ്റ് കമന്ററിയിലേക്ക് തിരിഞ്ഞു.

കമന്ററി ജോലികൾക്കിടയിൽ പുതുച്ചേരി താരം ശ്വേത മിത്രയെ കണ്ടുമുട്ടിയത് വഴിത്തിരിവായി. അവൾ എന്നെ ഗസ്റ്റ് പ്ലെയറായി പുതുച്ചേരി ടീമിലേക്കു ക്ഷണിച്ചു. ടീം ക്യാപ്റ്റനായി. ആഭ്യന്തര മത്സരങ്ങളിൽ പുതുച്ചേരിക്കായുള്ള പ്രകടനങ്ങളുടെ കരുത്തിലാണ് ബെംഗളൂരു ടീമിൽ ഇടം ലഭിച്ചത്. 

5 വിക്കറ്റ് തികച്ച ആശയുടെ ആഹ്ലാദം.
5 വിക്കറ്റ് തികച്ച ആശയുടെ ആഹ്ലാദം.

വഴിത്തിരിവായി ഡബ്ല്യുപിഎൽ

ആഭ്യന്തര മത്സരങ്ങൾക്ക് അപ്പുറത്തേക്ക് കരിയറിൽ വളർച്ച നേടാനായില്ലെന്ന നിരാശ വേട്ടയാടുമ്പോഴാണ് വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ വരവ്. ആദ്യ സീസണിൽ 5 വിക്കറ്റ് നേടിയ എന്നെ ബെംഗളൂരു മാനേജ്മെന്റ് ടീമിൽ നിലനിർത്തി. അത് ആത്മവിശ്വാസം ഉയർത്തി. ടീമിനോടുള്ള ഉത്തരവാദിത്തം കൂട്ടി. ഓഫ് സീസണിൽ ബെംഗളൂരു ക്യാംപിലെത്തി ഞാൻ കഠിന പരിശീലനം തുടർന്നു. ടെക്നിക്കുകൾ മെച്ചപ്പെടുത്തി. അതിന്റെ ഫലമാണ് ഈ സീസണിലെ 12 വിക്കറ്റ് നേട്ടം. പന്ത് നന്നായി തിരിക്കാനും ബോളിങ്ങിൽ വേരിയേഷനുകൾ കൊണ്ടുവരാനും കഴിയുമെന്നതാണ്  എന്റെ കരുത്തായി ഞാൻ‌ വിശ്വസിക്കുന്നത്. 

 റോയൽ ചാലഞ്ചേഴ്സ് ഡബ്ല്യുപിഎൽ ജേതാക്കളായതിന്റെ പിറ്റേ ദിവസമാണ് ആശയ്ക്ക് 33 വയസ്സ് തികഞ്ഞത്. പക്ഷേ പ്രതിഭയ്ക്കും പോരാട്ടവീര്യത്തിനും തെല്ലും പ്രായമായിട്ടില്ലെന്നു തെളിയിക്കുന്നതാണ് ആശയുടെ പ്രകടനങ്ങളെല്ലാം.  സ്പിൻ മികവിലൂടെ ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ് താരം. കൂടുതൽ നേട്ടങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആശയും ആരാധകരും.

യുപി വാരിയേഴ്സിനെതിരെ വിക്കറ്റ് നേടിയ ആശ ശോഭനയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു (Photo by Idrees MOHAMMED / AFP)
യുപി വാരിയേഴ്സിനെതിരെ വിക്കറ്റ് നേടിയ ആശ ശോഭനയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു (Photo by Idrees MOHAMMED / AFP)

പേരിൽ അമ്മ, ജഴ്സിയി‍ൽ അച്ഛൻ

സഹോദരൻ അനൂപിന്റെ ക്രിക്കറ്റ് ഭ്രാന്താണ് എന്നെയും ക്രിക്കറ്റിലേക്ക് എത്തിച്ചത്. റിമോട്ടിനായി വഴക്കുകൂടി മടുത്തപ്പോൾ ഞാനും ടെലിവിഷനു മുൻപിലിരുന്ന് ചേട്ടനൊപ്പം ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ തുടങ്ങി. ആറാം വയസ്സിൽ വീട്ടുമുറ്റത്തു കളിച്ചു തുടങ്ങി. പിന്നീട് ചേട്ടനും കൂട്ടുകാ‍ർക്കുമൊപ്പം ഗ്രൗണ്ടിൽ കളിക്കുന്നത് പതിവാക്കി. അച്ഛൻ ജോയിയും അമ്മ ശോഭനയും എന്റെ കരിയറിൽ നൽ‌കിയ പിന്തുണ വളരെ വലുതാണ്. അമ്മയുടെ പേരാണ് എന്റെ പേരിനൊപ്പമുള്ളത്. ക്രിക്കറ്റിൽ ഞാൻ അണിയുന്ന ജഴ്സിയിൽ പതിപ്പിക്കാറുള്ളത് അച്ഛന്റെ പേരാണ്. 

English Summary:

Women's Premier League, RCB star Asha Shobhana speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com