ഐപിഎൽ 17–ാം സീസൺ നാളെ കൊടിയേറും; ആദ്യ ദിനം റോയൽ ചാലഞ്ചേഴ്സ് – സൂപ്പർ കിങ്സ് പോരാട്ടം
Mail This Article
ചെന്നൈ ∙ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ആഭ്യന്തര ട്വന്റി20 ടൂർണമെന്റായ ഇന്ത്യൻ പ്രിമിയർ ലീഗിന് (ഐപിഎൽ) നാളെ കൊടിയേറും. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ, നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.
Read Also: പാക്ക് താരങ്ങളെ ഐപിഎല്ലിൽ കളിപ്പിക്കണം, പ്രധാനമന്ത്രി ഇടപെടണമെന്ന് പാക്കിസ്ഥാൻ മുൻ താരം
ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. എ.ആർ.റഹ്മാൻ, സോനു നിഗം എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിശയോടെയാണു പരിപാടികൾ ആരംഭിക്കുക. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും നടക്കും.
വൈകിട്ട് 6.30നു പരിപാടികൾ ആരംഭിക്കും. 8 മണിക്കാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും തത്സമയം.
ഗ്രീൻ ബെംഗളൂരു
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ പുതിയ ഗ്രീൻ ജഴ്സി പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ‘ഗോ ഗ്രീൻ’ ക്യാംപെയ്നിന്റെ ഭാഗമായാണ് എല്ലാ സീസണിലും ഒരു മത്സരം പച്ച നിറമുള്ള ജഴ്സിയിൽ കളിക്കാൻ ബെംഗളൂരു ടീം തീരുമാനിച്ചത്. സ്റ്റേഡിയത്തിൽ നിന്നും മറ്റും ശേഖരിക്കുന്ന ഖരമാലിന്യം റീസൈക്കിൾ ചെയ്താണ് ഗ്രീൻ ജഴ്സി നിർമിക്കുന്നത്.
പച്ചയും കറുപ്പും നിറമുള്ള പഴയ ജഴ്സിക്കു പകരം പച്ചയും കടുംനീല നിറവും ചേർന്ന പുതിയ ജഴ്സിയാണ് ഇന്നലെ അവതരിപ്പിച്ചത്. തങ്ങളുടെ ഒഫീഷ്യൽ ജഴ്സിയും ലോഗോയും ടീമിന്റെ പേരും കഴിഞ്ഞ ദിവസം ബെംഗളൂരു പരിഷ്കരിച്ചിരുന്നു.
സന്ദീപ് ഗുജറാത്തിൽ, മപാക മുംബൈയിൽ
മുംബൈ ∙ പേസർ മുഹമ്മദ് ഷമിക്കു പകരക്കാരനായി മലയാളി താരം സന്ദീപ് വാരിയരെ ഗുജറാത്ത് ടൈറ്റൻസ് ടീമിൽ ഉൾപ്പെടുത്തി. പരുക്കേറ്റ ലങ്കൻ പേസർ ദിൽഷൻ മധുഷങ്കയ്ക്കു പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ ഇടംകൈ പേസർ ക്വിന മപാകയെ മുംബൈ ഇന്ത്യൻസും ടീമിലെത്തിച്ചു.