‘ജയ്സ്വാളും രോഹിത്തും ഗില്ലുമല്ല; ഈ സീസണിൽ റൺവേട്ടയിൽ കിങ് കോലി ഒന്നാമതെത്തും’
Mail This Article
മുംബൈ ∙ ഐപിഎല്‍ ക്രിക്കറ്റ് പൂരം ആരംഭിക്കാൻ കേവലം ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്. ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിൽ, കിരീടം നേടാൻ പത്ത് ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. മിന്നുന്ന ഫോമിലുള്ള നിരവധി താരങ്ങൾ കളത്തിലിറങ്ങുന്ന ടൂർണമെന്റിൽ ആരാകും മികച്ച പ്രകടനം പുറത്തെടുക്കുകയെന്ന ചർച്ചയും ഇതിനോടകം വ്യാപകമായിക്കഴിഞ്ഞു.
ഈ സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമനാകാൻ ഏറ്റവും കൂടുതൽ സാധ്യത ആർസിബിയുടെ സൂപ്പർ താരം വിരാട് കോലിക്കാണെന്ന വാദവുമായി രംഗത്തുവന്നിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കൽ വോഗൻ. പഞ്ചാബ് കിങ്സിന്റെ ലയാം ലിവിങ്സ്റ്റണും മികച്ച പ്രകടനം പുറത്തെടുത്തേക്കും. എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ ലിവിങ്സ്റ്റണ് ഫോം കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ വോഗൻ ആശങ്ക പ്രകടിപ്പിക്കുന്നു. മുംബൈയുടെ മുൻ നായകൻ രോഹിത് ശർമയ്ക്ക് മികച്ച സ്ട്രൈക്ക് റേറ്റില്‍ കളിക്കാനാകുമെങ്കിലും റൺവേട്ടയിൽ കോലിക്കൊപ്പം എത്താനാകില്ലെന്നാണ് വോഗന്റെ വിലയിരുത്തൽ. കഴിഞ്ഞ സീസണിൽ ഓറഞ്ച് ക്യാപിന് ഉടമയായ ശുഭ്മൻ ഗില്ലിനെയും (890 റൺസ്) വോഗൻ പരിഗണിച്ചില്ല.
ഐപിഎൽ എല്ലാ സീസണിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന കോലി 7000ത്തിലേറെ റൺസ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 53.25 ശരാശരിയിൽ 639 റൺസാണ് കോലി നേടിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ വിശ്രമത്തിലായിരുന്ന കോലിക്ക് ശക്തമായ മടങ്ങിവരവിന് ടൂര്‍ണമെന്റ് വഴിയൊരുക്കുമെന്നും വോഗൻ പറയുന്നു. എന്നാൽ ഓസ്ട്രേലിയയുടെ മുൻ താരം ആദം ഗിൽക്രിസ്റ്റ് യശസ്വി ജയ്സ്‌വാളിന് കൂടുതൽ റൺസ് നേടാനാകുമെന്ന് അഭിപ്രായപ്പെട്ടു. കുൽദീപ് യാദവ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ പർപിൾ ക്യാപിനുള്ള പോരാട്ടത്തിൽ മുന്നിലുണ്ടാകുമെന്ന് ഇരുവരും പറയുന്നു.