‘മലയാളിയുടെ ധൈര്യവും വാശിയും സഞ്ജുവിന്‍റെ കയ്യിലുണ്ട്; ഇത്തവണ രാജസ്ഥാൻ കപ്പടിക്കും’
Mail This Article
കൊച്ചി ∙ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17–ാം സീസണ്‍ മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവുകയാണ്. ക്രിക്കറ്റ് ആവേശത്തിനൊപ്പം ഇത്തവണത്തെ ചാംപ്യന്മാർ ആരാകുമെന്ന ചർച്ചയ്ക്കും ചൂടുപിടിച്ചിരിക്കുകയാണ്. മറ്റു ടീമുകൾക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനും കേരളത്തിൽ നിരവധി ആരാധകരാണുള്ളത്. അതിനിടെ ഇത്തവണ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് കപ്പടിക്കുമെന്ന പ്രവചനവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ താരം എസ്.ശ്രീശാന്ത്. ഐപിഎല്ലിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ കൊച്ചിയില്‍ ഒരുക്കിയ വേദിയിൽ സഞ്ജുവിനെയും മുൻ താരം ടിനു യോഹന്നാനെയും ഒപ്പമിരുത്തിയായിരുന്നു ശ്രീശാന്തിന്റെ പ്രവചനം. രാഹുല്‍ ദ്രാവിഡിന് സഞ്ജുവിനെ പരിചയപ്പെടുത്തിയതിലെ തമാശയും ശ്രീശാന്ത് പങ്കുവച്ചു.
‘‘മലയാളിയുടെ ധൈര്യവും വാശിയും സഞ്ജുവിന്‍റെ കയ്യിലുണ്ട്. അത് അവന്‍റെ കണ്ണിലുണ്ട്. ഞാനും ഈ കളി കളിച്ചയാളാണ്. അന്ന് കണ്ടപ്പോഴെ സഞ്ജു താരമാകുമെന്ന് എനിക്ക് അറിയാമായിരുന്നു. അന്ന് ദ്രാവിഡ് ഭായിയോട് പറഞ്ഞത്, ഓരോവറില്‍ എന്നെ ആറു സിക്സ് അടിച്ചവനാണ്, അവന്‍ ആരെയും അടിക്കും എന്നാണ്. അത് നുണയായിരുന്നു.. പിന്നീട് സഞ്ജു എല്ലാവര്‍ക്കെതിരേയും സിക്സറുകള്‍ വാരിക്കൂട്ടി. അങ്ങനെ ഞാന്‍ പണ്ടുപറഞ്ഞിട്ടുള്ള ആ കാര്യം സത്യമായി വരികയും ചെയ്തു. ഈയൊരു നിമിഷത്തില്‍ എനിക്കു പറയാനുളളത് ഈ വര്‍ഷത്തെ ഐപിഎല്‍ ട്രോഫി രാജസ്ഥാന്‍ റോയല്‍സിനും സഞ്ജുവിനുമായിരിക്കുമെന്നാണ്’’ -ശ്രീശാന്ത് പറഞ്ഞു.
രണ്ടു പേരും പുതിയ സീസണിന് മുന്നോടിയായി സഞ്ജുവിന് ഉപദേശങ്ങളും കൈമാറി. ‘സുവര്‍ണകാലം വരുകയാണ്, എന്‍ജോയ് ചെയ്യൂ’ എന്നായിരുന്നു ടിനു യോഹന്നാന്‍റെ വാക്കുകള്‍. ‘സഞ്ജുവിന് ഉപദേശങ്ങളൊന്നും വേണ്ട, ഇവന് എല്ലാം അറിയാം. ഇപ്പോ ചെയ്യുന്നത് തന്നെ ചെയ്യൂ, കപ്പടിക്കൂ’ എന്നായിരുന്നു ശ്രീശാന്തിന്‍റെ ഉപദേശം. ശ്രീഭായിയുടെ വാക്കുകള്‍ ഇങ്ങനെയാണെങ്കിലും വാട്സ് ആപ്പില്‍ ഒരുപാട് ഉപദേശങ്ങള്‍ അയക്കാറുണ്ടെന്ന് സഞ്ജു പറഞ്ഞു. ടിനു ചേട്ടനില്‍ നിന്നാണ് ശ്രീഭായ്ക്ക് പ്രചോദനം. ഇവര്‍ രണ്ടു പേരില്‍നിന്നും പ്രചോദനമായാണ് ഞാന്‍ കളിച്ചത്. ഇതിങ്ങനെ കൈമാറി വരികയാണ്. ആരെങ്കിലും എന്നില്‍നിന്ന് പഠിച്ച് ഇന്ത്യയ്ക്ക് വേണ്ടി കളിക്കട്ടെയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഞ്ജു പറഞ്ഞു.