കൂറുമാറിയ ക്യാപ്റ്റന് ഹാർദിക്കിന് ഗുജറാത്ത് ടൈറ്റൻസിന്റെ സമ്മാനം, 6 റൺസിന്റെ തോൽവി
Mail This Article
അഹമ്മദാബാദ് ∙ സീസണിന് മുൻപ് കൂറുമാറിയ ക്യാപ്റ്റന് ഗുജറാത്ത് ടൈറ്റൻസിന്റെ സമ്മാനം; 6 റൺസിന്റെ തോൽവി. ഗുജറാത്തിന്റെ ക്യാപ്റ്റൻസി ഉപേക്ഷിച്ച് ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ നയിക്കാനെത്തിയ ഹാർദിക് പാണ്ഡ്യയുടെ തുടക്കം തോൽവിയോടെ. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ 6 റൺസിന്റെ തോൽവി വഴങ്ങിയത് ഹാർദിക്കിന്റെ മുൻ ടീമായ ഗുജറാത്തിനോട്.
169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 7 വിക്കറ്റുകൾ ശേഷിക്കെ അവസാന 6 ഓവറിൽ 48 റൺസായിരുന്നു വേണ്ടിയിരുന്നത്. അലക്ഷ്യമായ ബാറ്റിങ്ങിലൂടെ 6 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ മുംബൈ 11 ഡോട്ബോളുകളും വഴങ്ങിയാണ് കളി കൈവിട്ടത്. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 6ന് 168. മുംബൈ 20 ഓവറിൽ 9ന് 162. തുടർച്ചയായ 12–ാം സീസണിലാണ് മുംബൈ ഐപിഎലിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങുന്നത്. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു കീഴിലെ കന്നി മത്സര വിജയം ഗുജറാത്തിന് നേട്ടമായി.
ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവോടെ പ്രഹരശേഷി കൂടിയ മുംബൈ ഇന്ത്യൻസ് ബോളിങ് നിരയാണ് മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം കാട്ടിയത്. ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുത്തപ്പോൾ 14 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ബുമ്ര കരുത്തുകാട്ടി. പവർപ്ലേയിലും മധ്യ ഓവറിലും ഡെത്ത് ഓവറിലുമായി പന്തെറിഞ്ഞ ബുമ്ര 4 ഓവറിനിടെ വഴങ്ങിയത് ഒരു ബൗണ്ടറി മാത്രം. വൃദ്ധിമാൻ സാഹയുടെ (19) വിക്കറ്റു നേടി ഗുജറാത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചാണ് ബുമ്ര തുടങ്ങിയത്. എന്നാൽ തുടർന്ന് ശുഭ്മൻ ഗില്ലും (31) സായ് സുദർശനും (45) ചേർന്നു സ്കോറുയർത്തി.
എട്ടാം ഓവറിൽ പിയൂഷ് ചൗളയുടെ പന്തിൽ ശുഭ്മൻ ഗിൽ (22 പന്തിൽ 31) പുറത്തായതിനു പിന്നാലെ മുംബൈ ബോളർമാർ കളി വരുതിയിലാക്കി. ആദ്യ 11 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് അടിച്ചെടുത്ത ഗുജറാത്തിന് അവസാന 9 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 69 റൺസ് മാത്രം. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ ഇഷൻ കിഷൻ (0) പുറത്തായപ്പോൾ മുംബൈ ഇന്നിങ്സിന്റെ നെടുംതൂണായത് മുൻ ക്യാപ്റ്റൻ രോഹിത് ശർമ (29 പന്തിൽ 43). രോഹിത്തും ഡെവാൾഡ് ബ്രെവിസും (38 പന്തിൽ 46) ചേർന്ന് മൂന്നാം വിക്കറ്റിൽ 77 റൺസ് നേടി. 13–ാം ഓവറിൽ രോഹിത്തും 16–ാം ഓവറിൽ ബ്രെവിസും പുറത്തായതാണ് മുംബൈയ്ക്കു തിരിച്ചടിയായത്. രോഹിത് പുറത്താകുമ്പോൾ 107 റൺസ് നേടിയിരുന്ന മുംബൈ തുടർന്നുള്ള 8 ഓവറിൽ നേടിയത് 55 റൺസ് മാത്രം.