മുംബൈയിൽ ഗ്രൂപ്പിസം; ബുമ്രയും തിലക് വർമയും രോഹിത്തിനൊപ്പം, പാണ്ഡ്യയ്ക്ക് കൂട്ട് ഇഷാൻ
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതിനു പിന്നാലെ മുംബൈ ഇന്ത്യൻസിനു തിരിച്ചടിയായി ടീമിലെ ഗ്രൂപ്പിസവും. മുംബൈ ഇന്ത്യൻസ് ടീം രണ്ടു സംഘങ്ങളായി പിരിഞ്ഞ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ അനുകൂലിക്കുന്നവരും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം നിൽക്കുന്നവരും ചേർന്ന സംഘമായി ടീം മാറി. ജസ്പ്രീത് ബുമ്ര, തിലക് വർമ തുടങ്ങിയ താരങ്ങളാണ് രോഹിത് ശർമയ്ക്കൊപ്പമുള്ളത്.
ഇഷാൻ കിഷനാണ് ഹാർദിക് പാണ്ഡ്യയെ പിന്തുണയ്ക്കുന്ന പ്രധാന താരം. അതേസമയം ടീം മാനേജ്മെന്റ് പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു പിന്തുണ നൽകുന്നു. ആദ്യ രണ്ടു കളികളും തോറ്റുനിൽക്കവെയാണ് ടീമിനു തലവേദനയായി ഗ്രൂപ്പിസവുമെത്തുന്നത്. മുംബൈയിലെ വിദേശ താരങ്ങൾ ആരെയാണു പിന്തുണയ്ക്കുന്നതെന്നു വ്യക്തമല്ല. സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടും രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടും മുംബൈ തോറ്റു.
രണ്ടാം മത്സരത്തിൽ 278 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യമാണ് ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയത്. മറുപടിയിൽ മുംബൈയുടെ ഇന്നിങ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസിൽ അവസാനിച്ചു. 31 റൺസിനാണ് ഹൈദരാബാദിന്റെ സീസണിലെ ആദ്യ ജയം. 34 പന്തിൽ 64 റൺസ് നേടിയ തിലക് വർമയാണ് മുംബൈയുടെ ടോപ് സ്കോറർ.
20 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ 24 റൺസെടുത്താണു പുറത്തായത്. ബോളിങ്ങിലും മുംബൈ ക്യാപ്റ്റനു തിളങ്ങാൻ സാധിച്ചില്ല. നാല് ഓവറുകൾ പന്തെറിഞ്ഞ താരം 46 റൺസാണു വഴങ്ങിയത്. ആകെ ലഭിച്ചത് ഒരു വിക്കറ്റും. ഏപ്രില്‍ ഒന്നിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.