‘സ്മിത്തിന്റെയും കമിൻസിന്റെയും ആരാധകർ അടി കൂടാറില്ല! പാണ്ഡ്യയ്ക്കെതിരായ രോഷം അതിരുവിട്ടു’
Mail This Article
ന്യൂഡൽഹി ∙ രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ ശേഷം ഹാർദിക് പാണ്ഡ്യ നേരിടുന്ന പരിഹാസങ്ങൾ അതിരു വിടുന്നെന്ന് രാജസ്ഥാൻ റോയൽസ് സ്പിന്നർ ആർ.അശ്വിൻ. സിനിമാ ഫീൽഡിലുള്ളതു പോലുള്ള ‘ഫാൻ വാർ’ ക്രിക്കറ്റിനു യോജിച്ചതല്ലെന്നും തന്റെ യൂട്യൂബ് ചാനലിൽ ഒരു ചോദ്യത്തിനു മറുപടിയായി അശ്വിൻ പറഞ്ഞു.
‘‘ആരാധകരുടെ അതിരുവിട്ട വികാരപ്രകടനം എനിക്കു മനസ്സിലാകുന്നില്ല. എന്തിനാണ് രോഹിത്തിനു പകരം മുംബൈയുടെ ക്യാപ്റ്റനായെന്നു വച്ച് ഹാർദിക്കിനെ കൂവുന്നത്? ഐപിഎൽ കഴിഞ്ഞാൽ രണ്ടു പേരും നമ്മുടെ രാജ്യത്തിന്റെ താരങ്ങളല്ലേ..’’– അശ്വിൻ പറഞ്ഞു.
‘‘ഓസ്ട്രേലിയയിൽ സ്റ്റീവ് സ്മിത്തിന്റെയും പാറ്റ് കമിൻസിന്റെയും ആരാധകർ തമ്മിൽ അടി കൂടാറുണ്ടോ? ഇംഗ്ലണ്ടിൽ ജോ റൂട്ടിന്റെയും ജോസ് ബട്‌ലറുടെയും ഫാൻസ് ചേരിതിരിഞ്ഞു പോരാടാറുണ്ടോ?’’- അശ്വിൻ ചോദിച്ചു.