ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ്. സീസണിലെ ആദ്യ രണ്ടു കളികളും തോറ്റ മുംബൈ ഇന്ത്യൻസിന് ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരം നിർണായകമാണ്. വാങ്കഡെ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപിക്കാൻ സാധിച്ചില്ലെങ്കിൽ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ നിലയും പരുങ്ങലിലാകും. ക്യാപ്റ്റനായ ശേഷമുള്ള ആദ്യ രണ്ടു മത്സരങ്ങളും തോറ്റതിൽ പാണ്ഡ്യ അസ്വസ്ഥനാണ്.

ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതു രസിക്കാതിരുന്ന മുംബൈ ആരാധകർ താരത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് ആരാധക പ്രതിഷേധമുണ്ടാകുമോയെന്നു ടീം മാനേജ്മെന്റിന് ആശങ്കയുണ്ട്. ഇതു തടയാനുള്ള ശ്രമങ്ങൾ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ തുടങ്ങിയതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഹാർദിക് പാണ്ഡ്യയ്ക്കെതിരായ പ്രതികരണങ്ങൾ അതിരുവിട്ടാൽ പൊലീസിനെ ഉപയോഗിച്ചു നേരിടാൻ ശ്രമിക്കുമെന്നാണ് സമൂഹമാധ്യമത്തിലെ വാദങ്ങൾ.

എന്നാൽ ഇങ്ങനെയൊരു തീരുമാനം ആരും എടുത്തിട്ടില്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ‘‘ആരാധക പ്രതികരണങ്ങളെക്കുറിച്ച് ബിസിസിഐ മുന്നോട്ടുവച്ച ചട്ടങ്ങൾ അനുസരിച്ചാണു മുന്നോട്ടുപോകുന്നത്. ഐപിഎൽ മത്സരങ്ങൾക്കും മറ്റ് ആഭ്യന്തര മത്സരങ്ങൾക്കും ഒരു നിയമമാണ്. ഐപിഎല്‍ മത്സരത്തിനു മാത്രമായി പ്രത്യേക നിര്‍ദേശങ്ങളൊന്നും നൽകിയിട്ടില്ല.’’– മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു.

വർഷങ്ങളായി മുംബൈ ഇന്ത്യൻസിനെ നയിക്കുന്ന രോഹിത് ശർമയെ മാറ്റിയാണ് ടീം മാനേജ്മെന്റ് 2024 സീസണിൽ പുതിയ ക്യാപ്റ്റനെ നിയമിച്ചത്. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ ജഴ്സി കത്തിച്ച് ആരാധകർ പ്രതിഷേധിച്ചിരുന്നു. ഗുജറാത്ത് ടൈറ്റൻസിൽനിന്ന് ടീമിലെത്തിയ പാണ്ഡ്യയ്ക്കു വേണ്ടി രോഹിത്തിനെ നീക്കിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

English Summary:

Fans Booing Hardik Pandya To Be Detained? MCA Clarifies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com