ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ ഒറ്റപ്പെട്ടു: ‘ചിലർ’ തടസ്സം നിൽക്കുന്നതായി മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനെന്ന നിലയിൽ മുംബൈ ഇന്ത്യൻസ് താരങ്ങൾ അംഗീകരിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ടീമിൽ ഹാർദിക് ഒറ്റപ്പെട്ടുപോയതായും ഹർഭജൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘ഹാർദിക് പാണ്ഡ്യ ടീമിൽ ഒറ്റയ്ക്കായ പോലെയാണ്. മുംബൈ ഇന്ത്യൻസ് താരങ്ങൾ പാണ്ഡ്യയെ ക്യാപ്റ്റനായി അംഗീകരിക്കണം. ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ ടീം അംഗങ്ങളെല്ലാം അതിൽ ഉറച്ചു നിൽക്കണം. ഞാൻ ഈ ടീമിൽ കളിച്ചിട്ടുണ്ട്. സാഹചര്യം അത്ര നല്ലതായി തോന്നുന്നില്ല.’’– ഹര്‍ഭജൻ സിങ് വ്യക്തമാക്കി.
‘‘ടീമിലെ ഒരുപാട് ആളുകൾ അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കുകയാണ്. ഡ്രസിങ് റൂമിലെ ചില വലിയ ആളുകൾ ക്യാപ്റ്റനെന്ന നിലയിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ പാണ്ഡ്യയെ അനുവദിക്കുന്നില്ല എന്നു തോന്നിയിട്ടുണ്ട്. ഒരു ക്യാപ്റ്റനും കളിക്കാൻ പറ്റിയ സാഹചര്യമല്ല ഇത്.’’– ഹർഭജൻ സിങ് ആരോപിച്ചു. രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിനു ശേഷം പാണ്ഡ്യ ഡഗ് ഔട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. കളി തോറ്റതിനു പിന്നാലെ മറ്റു താരങ്ങളെല്ലാം ഡ്രസിങ് റൂമിലക്കു പോയപ്പോഴായിരുന്നു പാണ്ഡ്യ ഗ്രൗണ്ടിൽ തന്നെ തുടർന്നത്.
മുംബൈ ഇന്ത്യൻസിന്റെ ഡഗ് ഔട്ടിൽ ഏറ്റവും പുറകിലെ സീറ്റിലാണ് ഹാർദിക് പാണ്ഡ്യ ഏറെ നേരം ഇരുന്നത്. ഈ സമയത്ത് മുംബൈയുടെ മറ്റു താരങ്ങളൊന്നും പാണ്ഡ്യയോടു സംസാരിച്ചതുമില്ല. ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി നിയമിച്ചെങ്കിലും, രോഹിത് ശർമയെയാണ് മുംബൈ ഇന്ത്യൻസിലെ പല താരങ്ങളും പിന്തുണയ്ക്കുന്നതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പാണ്ഡ്യയ്ക്കു ടീമിൽനിന്ന് ആവശ്യത്തിനു പിന്തുണ ലഭിക്കുന്നില്ലെന്നും ആരോപണം ഉയർന്നു.
മുംബൈ ഇന്ത്യന്‍സിൽ തിലക് വർമ, ജസ്പ്രീത് ബുമ്ര എന്നിവർ രോഹിത് ശർമയുടെ പക്ഷത്തുള്ളവരാണ്. ടീം മാനേജ്മെന്റ് ഹാർദിക് പാണ്ഡ്യയ്ക്കൊപ്പമാണ്. സീസണിൽ കളിച്ച മൂന്നു മത്സരങ്ങളും തോറ്റു നിൽക്കുകയാണ് മുംബൈ ഇന്ത്യൻസ്. അടുത്ത ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ തന്നെയാണ് മുംബൈയുടെ അടുത്ത മത്സരവും. ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ.