ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോം തുടര്‍ന്ന് ലക്നൗ സൂപ്പർ ജയന്റ്സിന്റെ യുവ പേസർ മയങ്ക് യാദവ്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ലകനൗ മികച്ച വിജയം സ്വന്തമാക്കിയപ്പോൾ നിർണായകമായത് മയങ്ക് യാദവിന്റെ ബോളിങ്ങായിരുന്നു. ഐപിഎൽ സീസണിലെ വേഗമേറിയ പന്തെന്ന സ്വന്തം റെക്കോർഡ് ആർസിബിക്കെതിരായ മത്സരത്തിൽ മയങ്ക് തിരുത്തിക്കുറിച്ചു. 156.7 കിലോമീറ്റർ വേഗതയിലാണ് ചൊവ്വാഴ്ച മയങ്ക് പന്തെറിഞ്ഞത്. പഞ്ചാബ് കിങ്സിനെതിരെ കുറച്ചുദിവസങ്ങൾക്കു മുൻപ് 155.8 കിലോമീറ്റർ വേഗതയിലെറിഞ്ഞ പന്തായിരുന്നു നിലവിലെ സീസണിലെ റെക്കോർഡ്.

ദിവസങ്ങളുടെ മാത്രം ആയുസ്സുണ്ടായിരുന്ന ഈ റെക്കോർഡ് അതിന്റെ ഉടമ തന്നെ തിരുത്തിക്കുറിച്ചു. ബെംഗളൂരു താരങ്ങളായ ഗ്ലെൻ മാക്സ്‍വെൽ, കാമറൂൺ ഗ്രീന്‍, രജത് പട്ടീദാർ എന്നിവരുടെ വിക്കറ്റുകളാണ് മയങ്ക് വീഴ്ത്തിയത്. ആര്‍സിബി മുൻനിരയെ തകർക്കുന്നതിൽ താരത്തിന്റെ പ്രകടനം നിർണായകമായി. വേഗതയുടെ കാര്യത്തിൽ വിദേശ താരങ്ങളായ നാന്ദ്രെ ബർഗർ (153), ജെറാൾഡ് കോട്സീ (152.3), അൽസരി ജോസഫ് (151.2), മതീഷ പതിരാന (150.9) എന്നിവരാണ് മയങ്കിനു പിന്നിലുള്ളത്.

നാല് ഓവറുകൾ പന്തെറിഞ്ഞ മയങ്ക് യാദവ് 14 റൺസ് മാത്രമാണു മത്സരത്തിൽ വഴങ്ങിയത്. താരത്തിന്റെ ഓവറുകളിൽ ആർസിബി ബാറ്റർമാർ നേടിയത് രണ്ടു ബൗണ്ടറികള്‍ മാത്രം. കാമറൂൺ ഗ്രീൻ താരത്തിന്റെ പന്തു നേരിടാനാകാതെ ബോൾഡായപ്പോൾ, കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിവരെ ഞെട്ടിപ്പോയി. പഞ്ചാബ് കിങ്സിനെതിരെയും താരം മൂന്നു വിക്കറ്റു വീഴ്ത്തിയിരുന്നു.

ഐപിഎല്ലിൽ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തുന്ന ആറാമത്തെ മാത്രം ബോളറാണ് മയങ്ക്. രണ്ടു കളികളിലും താരം പ്ലേയർ ഓഫ് ദ് മാച്ചും ആയി. കഴിഞ്ഞ സീസണുകളിലും ലക്നൗവിനൊപ്പമുണ്ടായിരുന്ന താരത്തിനു പരുക്കു കാരണം കളിക്കാൻ സാധിച്ചിരുന്നില്ല. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലക്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ 153 റൺസെടുക്കാൻ മാത്രമാണ് ആർസിബിക്കു സാധിച്ചത്.

English Summary:

Mayank Yadav Breaks Own Record, Produces Fastest Ball Of IPL 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com