‘രോഹിത്തിനു കീഴിൽ മുംബൈ അഞ്ച് കളികൾ തോറ്റിട്ടുണ്ട്, ക്യാപ്റ്റനെ ഇപ്പോൾ മാറ്റേണ്ടതില്ല’
Mail This Article
ന്യൂഡൽഹി∙ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹാർദിക് പാണ്ഡ്യയെ ഇപ്പോൾ മാറ്റേണ്ട കാര്യമില്ലെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഹാർദിക് പാണ്ഡ്യയ്ക്കെതിരെ മുംബൈ ഇന്ത്യൻസ് ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സേവാഗിന്റെ പ്രതികരണം. ‘‘രോഹിത് ശര്‍മ നയിക്കുമ്പോഴും ഈ ടീം തുടർച്ചയായി അഞ്ചു മത്സരങ്ങൾ തോറ്റിട്ടുണ്ട്. പിന്നീട് ചാംപ്യൻമാരായി. ഹാർദിക്കിന്റെ കാര്യത്തിൽ ക്ഷമയോടെ കാത്തിരിക്കുകയാണു വേണ്ടത്. അവരിപ്പോൾ മൂന്നു മത്സരങ്ങൾ തോറ്റു. എന്നാൽ അത് ഇനിയും തുടര്‍ന്നാൽ ടീം മാനേജ്മെന്റിന്റെ ക്ഷമയെ പരീക്ഷിക്കുന്നതു പോലെയാകും.’’– സേവാഗ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ചില ടീമുകൾ മുൻപ് ഐപിഎല്ലിൽ ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്. പഞ്ചാബ് കിങ്സ് ചെയ്തിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സ് രവീന്ദ്ര ജഡേജയ്ക്കു ക്യാപ്റ്റൻസി നൽകിയ ശേഷം, വീണ്ടും ധോണിയെ തന്നെ ക്യാപ്റ്റനാക്കി. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസി മാറുന്നതിനേക്കുറിച്ച് ഇപ്പോൾ ചിന്തിക്കില്ലെന്നാണ് എനിക്കു തോന്നുന്നത്. മൂന്നു മത്സരങ്ങള്‍ കഴിയുമ്പോഴേക്കും ക്യാപ്റ്റനെ മാറ്റാൻ കഴിയില്ല. അതു ശരിയായ സന്ദേശമല്ല ടീമിനു നൽകുക.’’
‘‘പക്ഷേ ഏഴു മത്സരങ്ങൾക്കു ശേഷം അവർക്കു വേണമെങ്കിൽ ഇക്കാര്യം പരീക്ഷിക്കാവുന്നതാണ്. ടീമിന്റെ പ്രകടനം നോക്കിയായിരിക്കണം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.’’–സേവാഗ് വ്യക്തമാക്കി. 2024 ഐപിഎൽ സീസണിനു തൊട്ടുമുൻപാണ് മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയെ ടീം ക്യാപ്റ്റനാക്കിയത്. ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന പാണ്ഡ്യയെ കോടികൾ ചെലവാക്കി, മുംബൈ വീണ്ടും ടീമിലെത്തിക്കുകയായിരുന്നു. പിന്നാലെ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കി.
മുംബൈ മാനേജ്മെന്റിന്റെ നീക്കത്തിൽ തുടക്കം മുതൽ തന്നെ ആരാധകര്‍ രോഷത്തിലാണ്. മുംബൈയുടെ മൂന്നു മത്സരങ്ങളിലും സ്റ്റേഡിയത്തിൽവച്ച് ഹാർദിക് പാണ്ഡ്യയ്ക്കെതിരെ ആരാധകർ കൂകിവിളിച്ചു. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലും ഹാർദിക്കിനെതിരെ ‘രോഹിത് ചാന്റുകൾ’ ഉയർന്നു. ടീമിലെ പ്രതിസന്ധിയിൽ പാണ്ഡ്യ അസ്വസ്ഥനാണെന്നാണു വിവരം. ഞായറാഴ്ച ഡൽഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.