ശശാങ്ക് അർധ സെഞ്ചറി നേടിയപ്പോൾ കയ്യടിക്കുക പോലും ചെയ്യാതെ പഞ്ചാബ് താരങ്ങൾ; വിഡിയോ പുറത്ത്
Mail This Article
അഹമ്മദാബാദ്∙ ശശാങ്ക് സിങ്ങിന്റെ അർധ സെഞ്ചറിക്കരുത്തിൽ തകർപ്പൻ വിജയമാണ് പഞ്ചാബ് കിങ്സ് ഗുജറാത്ത് ടൈറ്റൻസിനെതിരെ സ്വന്തമാക്കിയത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് മൂന്നു വിക്കറ്റുകൾക്കു വിജയിക്കുകയായിരുന്നു. 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ഒരു പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബ് എത്തിയത്. ഇന്ത്യൻ ടീമിനായി ഇതുവരെ കളിച്ചിട്ടില്ലാത്ത ശശാങ്ക് സിങ്ങും അശുതോഷ് ശർമയും ചേർന്ന് ആറാം വിക്കറ്റിൽ 21 പന്തിൽ 33 റൺസാണു പഞ്ചാബിനായി അടിച്ചെടുത്തത്.
32 വയസ്സുകാരനായ ശശാങ്ക് സിങ് ഐപിഎല്ലിലെ ആദ്യ അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു. 29 പന്തുകൾ നേരിട്ട താരം 61 റൺസാണ് അടിച്ചെടുത്തത്. അതേസമയം ശശാങ്ക് അർധ സെഞ്ചറി നേടിയപ്പോഴുള്ള പഞ്ചാബ് താരങ്ങളുടെ പ്രതികരണമാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ ചർച്ച. മത്സരത്തിന്റെ 18–ാം ഓവറിൽ ശശാങ്ക് അർധ സെഞ്ചറി നേടിയപ്പോൾ യാതൊരു പ്രതികരണവും പഞ്ചാബിന്റെ ഡഗ് ഔട്ടിൽനിന്ന് ഉണ്ടായില്ല. ക്യാപ്റ്റൻ ശിഖർ ധവാൻ അടക്കമുള്ളവർ കയ്യടിക്കുക പോലും ചെയ്തില്ല.
സ്വന്തം അർധ സെഞ്ചറി കാര്യമായി ആഘോഷിക്കാൻ ശശാങ്ക് സിങ്ങും നിന്നില്ലെന്നതാണു സത്യം. കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പഞ്ചാബ് താരങ്ങളെ വിമർശിക്കുകയും ചെയ്തു. അതേസമയം മത്സരം പഞ്ചാബ് വിജയിച്ചപ്പോൾ, താരങ്ങൾ വലിയ ആഘോഷം തന്നെ നടത്തി. ശശാങ്ക് സിങ്ങിനെ എടുത്ത് ഉയര്‍ത്തിയാണ് സഹതാരങ്ങൾ അഭിനന്ദിച്ചത്.
താരലേലത്തിൽ 32 വയസ്സുകാരനായ ശശാങ്ക് സിങ്ങിനെ പഞ്ചാബ് അബദ്ധത്തിൽ ടീമിലെടുക്കുകയായിരുന്നു. 19 വയസ്സുകാരനായ യുവ ഓൾ റൗണ്ടർ ശശാങ്ക് സിങ് ആണെന്നു തെറ്റിദ്ധരിച്ചാണ്, ലേലത്തിൽ 32 വയസ്സുകാരനെ വാങ്ങിയത്. അബദ്ധം മനസ്സിലായതോടെ പിൻവാങ്ങണമെന്ന് പഞ്ചാബ് പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ അത് അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടാണു ലേലം നയിച്ച മല്ലിക സാഗർ എടുത്തത്. ഇതോടെ ശശാങ്ക് സിങ്ങിനെക്കൂടി പഞ്ചാബിന് ടീമിൽ എടുക്കേണ്ടിവന്നു. അടിസ്ഥാന വിലയായ 20 ലക്ഷമാണു താരത്തിനു ലഭിച്ചത്. തകർപ്പൻ പ്രകടനങ്ങളുമായി ശശാങ്ക് സിങ് പഞ്ചാബ് പ്ലേയിങ് ഇലവനിൽ ഇടം ഉറപ്പിക്കുകയും ചെയ്തു.