ഇൻസൾട്ടാണ് വലിയ ഇൻവെസ്റ്റ്മെന്റ്: ‘ഒഴിവാക്കാൻ നോക്കിയ’ പഞ്ചാബിനെ ജയിപ്പിച്ച ഹീറോ, ശശാങ്ക് സിങ്
Mail This Article
അഹമ്മദാബാദ്∙ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിന്റെ രക്ഷകനായി ശശാങ്ക് സിങ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ ശശാങ്ക് സിങ്ങിന്റെ അർധ സെഞ്ചറിക്കരുത്തിലാണ് കൈവിട്ടെന്നു കരുതിയ മത്സരം പഞ്ചാബ് തിരിച്ചു പിടിച്ചത്. താരലേലത്തിൽ 32 വയസ്സുകാരനായ ശശാങ്ക് സിങ്ങിനെ പഞ്ചാബ് അബദ്ധത്തിൽ ടീമിലെടുക്കുകയായിരുന്നു. 19 വയസ്സുകാരനായ യുവ ഓൾ റൗണ്ടർ ശശാങ്ക് സിങ് ആണെന്നു തെറ്റിദ്ധരിച്ചാണ്, ലേലത്തിൽ 32 വയസ്സുകാരനെ ടീം വാങ്ങിയത്.
അബദ്ധം മനസ്സിലായതോടെ പിൻവാങ്ങണമെന്ന് പഞ്ചാബ് പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ അത് അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടാണു ലേലം നയിച്ച മല്ലിക സാഗർ എടുത്തത്. ഇതോടെ ശശാങ്ക് സിങ്ങിനെക്കൂടി പഞ്ചാബിന് ടീമിൽ എടുക്കേണ്ടിവന്നു. എന്നാൽ പിന്നീടങ്ങോട്ട് പഞ്ചാബ് കിങ്സ് പ്ലേയിങ് ഇലവനിൽ നിർണായക സാന്നിധ്യമായി ശശാങ്ക് മാറുന്ന കാഴ്ചയായിരുന്നു. ശശാങ്കിന്റെ ബാറ്റിൽനിന്നു മൂളിപ്പറന്ന ബൗണ്ടറികൾ കണ്ട് പഞ്ചാബ് ഉടമ പ്രീതി സിന്റ ഗാലറിയിൽ എഴുന്നേറ്റുനിന്നു കയ്യടിച്ച നിമിഷങ്ങൾ നിരവധിയാണ്. ആർസിബിക്കെതിരെ ഏഴാമതു ബാറ്റിങ്ങിന് ഇറങ്ങിയ താരം എട്ട് പന്തിൽ 21 റൺസെടുത്തു. രണ്ടു സിക്സുകളും താരം ഗാലറിയിലേക്കു പായിച്ചു.
ഗുജറാത്തിനെതിരെ 29 പന്തുകൾ നേരിട്ട ശശാങ്ക് നേടിയത് 61 റൺസ്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ കീഴടക്കിയ പഞ്ചാബ് 3 വിക്കറ്റിന്റെ അവിശ്വസനീയ ജയമാണു സ്വന്തമാക്കിയത്. ഈ സീസണിൽ ചെയ്സ് ചെയ്തു കീഴടക്കുന്ന ഉയർന്ന വിജയലക്ഷ്യമാണിത്. 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ തുടക്കം തകർച്ചയോടെയായിരുന്നു.
രണ്ടാം ഓവറിൽ ക്യാപ്റ്റൻ ശിഖർ ധവാൻ (1) മടങ്ങി. ജോണി ബെയർസ്റ്റോ (22), പ്രഭ്സിമ്രൻ സിങ് (35) എന്നിവർ പൊരുതി നോക്കിയെങ്കിലും റൺറേറ്റിന്റെ സമ്മർദത്തിൽ വിജയത്തിലേക്കുള്ള ദൂരം കൂടിക്കൊണ്ടിരുന്നു. ഒൻപതാം ഓവറിൽ 4ന് 73 എന്ന നിലയിൽ പഞ്ചാബ് പതറുമ്പോഴാണ് ആറാമനായി ശശാങ്ക് ക്രീസിലെത്തുന്നത്. 64 പന്തിൽ 130 റൺസായിരുന്നു അപ്പോൾ ലക്ഷ്യം. സിക്കന്ദർ റാസയ്ക്കൊപ്പം (15) അഞ്ചാം വിക്കറ്റിൽ 22 പന്തിൽ 41 റൺസ് നേടിയായിരുന്നു വെടിക്കെട്ടിന്റെ തുടക്കം.
തുടർന്ന് ജിതേഷ് ശർമയ്ക്കൊപ്പം (16) ആറാം വിക്കറ്റിൽ 39 റൺസും നേടി. ഇടയ്ക്കിടെയുള്ള വിക്കറ്റ് നഷ്ടത്തിൽ വലഞ്ഞ പഞ്ചാബ് 6ന് 150 എന്ന സ്കോറിലേക്കു വീണപ്പോഴാണ് ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് അശുതോഷ് ശർമയുടെ വരവ്. ശശാങ്കിനൊപ്പം അതേ താളത്തിൽ ആഞ്ഞടിച്ച അശുതോഷ് 17 പന്തിൽ നേടിയത് 31 റൺസ്. ഏഴാം വിക്കറ്റിൽ 22 പന്തിൽ 43 റൺസ് നേടിയ ഇവരുടെ കൂട്ടുകെട്ടാണ് കളിയുടെ ഗതി തിരിച്ചത്. ഇരുപതാം ഓവറിലെ ആദ്യ പന്തിൽ അശുതോഷ് പുറത്താകുമ്പോൾ പഞ്ചാബ് ജയത്തിന് അരികിലെത്തിയിരുന്നു.