മുംബൈക്ക് തുടർ തോൽവികൾ, വിമർശനം; സോമനാഥ ക്ഷേത്രത്തിൽ പൂജ നടത്തി ഹാർദിക് - വിഡിയോ
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിൽ പൂജ നടത്തി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഐപിഎലിൽ മുംബൈ തുടർച്ചയായി തോൽവി വഴങ്ങുകയും ക്യാപ്റ്റൻസിയെ ചൊല്ലി ഹാർദിക് വിമർശനം നേരിടുകയും ചെയ്യുന്നതിനിടെയാണ് ക്ഷേത്ര സന്ദർശനം. പരമ്പരാഗത വേഷത്തിൽ ക്ഷേത്രത്തിലെത്തി പൂജ നടത്തി പ്രാർഥിക്കുന്ന ഹാർദിക്കിന്റെ വിഡിയോ വൈറലായി.
ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുംബൈ ടീമിലേക്ക് ക്യാപ്റ്റനായെത്തിയ ഹാർദിക്കിന് ടീമിനെ ജയത്തിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കളിച്ച മൂന്നു മത്സരങ്ങളിലും പരാജയമേറ്റ മുംബൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഉള്ളത്. ഗുജറാത്ത് ടീമിന്റെ ക്യാപ്റ്റനായിരിക്കെ രണ്ടു തവണയും ടീമിനെ ഫൈനലിൽ എത്തിക്കാനും ഒരുതവണ കിരീടം സ്വന്തമാക്കാനും ഹാർദിക്കിനു കഴിഞ്ഞിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സ്, സൺ റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളോടാണ് മുംബൈ തോൽവി വഴങ്ങിയത്. ഡൽഹി ക്യാപിറ്റൽസിനെതിരെ ഞായറാഴ്ചയാണ് മുംബൈയുടെ അടുത്ത മത്സരം. ടീമിൽ വിഭാഗീയത നിലനിൽക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് മുംബൈ തുടർച്ചയായി തോൽക്കുന്നത്. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര തുടങ്ങിയവർ മുൻ ക്യാപ്റ്റന്‍ രോഹിത് ശർമയ്ക്ക് പിന്തുണ നൽകുമ്പോൾ, ഇഷാൻ കിഷനാണ് ഹാർദിക്കിനൊപ്പം നിൽക്കുന്ന പ്രമുഖ താരം.
ഏകദിന ലോകകപ്പിനിടെ പരുക്കേറ്റു പുറത്തായ ഹാർദിക് ഐപിഎല്‍ ടൂർണമെന്റിലേക്കാണ് മടങ്ങിയെത്തിയത്. ക്യാപ്റ്റനാക്കിയതോടെ ആരാധകരും വൻ പ്രതിഷേധവുമായി രംഗത്തുവന്നു. സമൂഹ മാധ്യമങ്ങളിൽ ടീമിനെ പിന്തുണച്ച ആരാധകരിൽ നിരവധിപ്പേർ മുംബൈയെ കൈയൊഴിഞ്ഞു. മത്സരത്തിനിടെ ഹാർദിക് രോഹിത്തിന് അർഹമായ ബഹുമാനം നൽകുന്നില്ലെന്നും വിമർശനമുയർന്നു. മധ്യനിര താരം സൂര്യകുമാർ യാദവ് അടുത്ത മത്സരത്തിൽ തിരിച്ചുവരുമെന്നാണ് വിവരം.