ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ, ചെന്നൈക്കെതിരെ ജയം എളുപ്പമല്ല: ഗംഭീർ
Mail This Article
ചെന്നൈ ∙ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരം നടക്കാനിരിക്കെ, ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയെ പുകഴ്ത്തി കൊൽക്കത്ത മെന്റർ ഗൗതം ഗംഭീർ. ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണെന്നും അത്രയും മികവിലെത്താൻ നിലവിൽ ആർക്കെങ്കിലും കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും ഗംഭീർ പറഞ്ഞു. ഐപിഎലിന്റെ ഔദ്യോഗിക മീഡിയ പാർട്നറായ സ്റ്റാർ സ്പോർട്സിന്റെ വിഡിയോ ഷോയിലാണ് ഗംഭീർ ഇക്കാര്യം പറഞ്ഞത്.
‘‘മത്സരത്തിന് ഇറങ്ങുമ്പോൾ ജയിക്കണമെന്ന വാശിയോടെയാണ് എല്ലാവരും കളിക്കുക. സൗഹൃദവും പരസ്പര ബഹുമാനവുമെല്ലാം ഉണ്ടെങ്കിലും വ്യത്യസ്ത ടീമുകൾക്കു വേണ്ടിയാണ് ഇറങ്ങുന്നത്. ഞാൻ കൊൽക്കത്തയ്ക്കു വേണ്ടിയും ധോണി ചെന്നൈക്കു വേണ്ടിയും കളിക്കുന്നു. തീർച്ചയായും ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ്. അത്രയും മികവിലെത്താൻ നിലവിൽ ആർക്കെങ്കിലും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. മൂന്ന് ഐസിസി ട്രോഫികളാണ് അദ്ദേഹം നേടിയത്.
വിദേശത്ത് പരമ്പര ആര്‍ക്കും നേടാം. എന്നാല്‍ ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കുക എളുപ്പമുള്ള കാര്യമല്ല. ആ വിജയം ഐപിഎലിലും അദ്ദേഹം തുടർന്നു. ഫീൽഡിൽ ശാന്തനാണെങ്കിലും ധോണി സ്വീകരിക്കുന്ന തന്ത്രങ്ങൾ വളരെ പ്രധാനമാണ്. ഒരോവറിൽ 20 റൺസ് വേണമെങ്കിലും, ക്രീസിലുണ്ടെങ്കിൽ ധോണി അത് നേടിയേക്കും. ബോളിങ് അറ്റാക്കിലും ഫീൽഡിങ്ങിലും കാര്യമായ മാറ്റം വരുത്താൻ ധോണിക്കുള്ള മിടുക്ക് അപാരമാണ്. അവസാന പന്തും എറിഞ്ഞ ശേഷമേ ചെന്നൈക്കെതിരെ ജയിച്ചുവെന്ന് ഉറപ്പിക്കാനാകൂ. അത്തരത്തിലുള്ള ടീമാണ് ചെന്നൈ’’ –ഗംഭീർ പറഞ്ഞു.
നേരത്തെ ധോണിയെ വിമർശിച്ചുകൊണ്ട് പലതവണ രംഗത്തുവന്നിട്ടുള്ള താരമാണ് ഗംഭീർ. 2011ലെ ലോകകപ്പ് ഫൈനലിൽ ധോണിയുടേതല്ല, തന്റെ ഇന്നിങ്സായിരുന്നു പ്രധാനം എന്നതുൾപ്പെടെ നിരവധി വിവാദ പ്രസ്താവനകളും ഗംഭീർ ഉന്നയിച്ചിരുന്നു. ചെന്നൈ എം.എ.ചിദംബരം സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് ചെന്നൈ - കൊല്‍ക്കത്ത മത്സരം. സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളും കൊൽക്കത്ത ജയിച്ചപ്പോൾ, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ചെന്നൈ പരാജയപ്പെട്ടു.