ആദ്യ ജയത്തോടൊപ്പം റെക്കോർഡുകൾ വാരിക്കൂട്ടി മുംബൈ താരങ്ങൾ; പുതിയ നാഴികക്കല്ലു താണ്ടി രോഹിത്തും ബുമ്രയും
Mail This Article
മുംബൈ ∙ ഞായറാഴ്ച വാങ്കഡെയിലെ സ്വന്തം കാണികള്‍ക്കു മുന്നിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചാണ് മുംബൈ ഇന്ത്യൻസ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. 29 റൺസിനാണ് ഡൽഹി ക്യാപിറ്റൽസിനെ മുംബൈ തോൽപിച്ചത്. ഒരാൾ പോലും അര്‍ധ സെഞ്ചറി നേടാതെ കുറിക്കുന്ന ഏറ്റവും വലിയ ടീം ടോട്ടലാണ് മുംബൈയുടേത്. 2018ൽ ഇംഗ്ലിഷ് കൗണ്ടി ടീമായ സോമർസെറ്റ് നേടിയ 226 റൺസ് പഴങ്കഥയായി. 5 വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് മുംബൈ ബാറ്റർമാർ അടിച്ചുകൂട്ടിയത്. ഓപ്പണർ രോഹിത് ശർമയും പേസർ ജസ്പ്രീത് ബുമ്രയും പുതിയ വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കി.
രോഹിത് പിന്നിട്ട നാഴികക്കല്ലുകൾ ഇങ്ങനെ:
∙ ട്വന്റി20 മത്സരങ്ങളിൽ 250 വിജയങ്ങളിൽ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ താരം
∙ ഡൽഹിക്കെതിരെ 1000 റൺസെന്ന നാഴികക്കല്ലു പിന്നിട്ടു
∙ ഐപിഎലിൽ ഒരേ എതിർ ടീമിനെതിരെ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരം
∙ ഐപിഎലിൽ ജയിച്ച മത്സരങ്ങളിൽ ഏറ്റവുമധികം തവണ ടോപ് സ്കോറർ
∙ ഐപിഎൽ ചരിത്രത്തിൽ 100 ക്യാച്ചുകൾ പൂർത്തിയാക്കുന്ന നാലാമത്തെ താരം. കീറോൺ പൊള്ളാർഡ് (103), സുരേഷ് റെയ്ന (109), വിരാട് കോലി (110) എന്നിവരാണ് രോഹിത്തിനു മുന്നിലുള്ളത്.
അതേസമയം പേസർ ജസ്പ്രീത് ബുമ്ര ഐപിഎലിൽ ഒരു ടീമിനു വേണ്ടി 150 വിക്കറ്റു തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി. ഞായറാഴ്ച ഡൽഹി ഓപ്പണർ പൃഥ്വി ഷാ, അഭിഷേക് പൊരൽ എന്നിവരെ പുറത്താക്കിയാണ് ബുമ്ര 150 വിക്കറ്റ് തികച്ചത്. മുംബൈയ്ക്കു വേണ്ടി 170 വിക്കറ്റു പിഴുത ലസിത് മലിംഗ നേരത്തെ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. കൊൽക്കത്തയുടെ സുനിൽ നരെയ്നാണ് പട്ടികയിലുള്ള മറ്റൊരു താരം. 166 വിക്കറ്റാണ് നരെയ്ന്റെ പോക്കറ്റിലുള്ളത്. 147 വിക്കറ്റുമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭുവനേശ്വർ കുമാറാണ് ബുമ്രയ്ക്ക് പിന്നിലുള്ളത്.