ഇഎസ്എ ദിനത്തിൽ മുംബൈയുടെ വിജയത്തിന് സാക്ഷിയാകാൻ എത്തിയത് 18,000 കുട്ടികളും
Mail This Article
മുംബൈ ∙ കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ വിജയം മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് മറ്റൊരു സവിശേഷത കൂടിയുണ്ടായിരുന്നു. മുംബൈയുടെ സാമൂഹ്യ പ്രതിബദ്ധതാ സംരംഭമായ ‘എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് ഫോർ ഓൾ’ അഥവാ ഇഎസ്എയുടെ ആഭിമുഖ്യത്തിൽ 18,000 കുട്ടികളും മത്സരത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മുംബൈയിലെ വിവിധ എൻജിഒകളിൽ നിന്നായാണ് ഇത്രയും കുട്ടികൾ ഇഎസ്എ ദിനത്തിൽ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയത്.
മുംബൈ ഇന്ത്യൻസ് ഉടമ നിത അംബാനിയും ഐക്കൺ സച്ചിൻ തെൻഡുൽക്കറും കളിക്കിടെ കുട്ടികളുമായി സമയം ചെലവഴിക്കുകയും അവരുടെ അനുഭവങ്ങളെക്കുറിച്ച് കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ഇഎസ്എയിലൂടെ കൂടുതൽ കുട്ടികളെ സ്പോർട്സിലേക്ക് കടന്നു വരാൻ പ്രചോദിപ്പിക്കാൻ കഴിയുമെന്ന് നിത അംബാനി പ്രത്യാശ പ്രകടിപ്പിച്ചു. ഇഎസ്എയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും നിത അംബാനി വ്യക്തമാക്കി.
ഭാവിയുടെ വാഗ്ദാനമാണ് കുട്ടികളെന്നു പറഞ്ഞ സച്ചിൻ റിലയൻസ് ഫൗണ്ടേഷന്റെ ഉദ്യമത്തെ അഭിനന്ദിക്കുകയും ചെയ്തു. ആദ്യമായി വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിയതിന്റെ ഓർമകൾ സച്ചിൻ പങ്കുവച്ചു. കുട്ടികളുടെ ജീവിതത്തിൽ സ്പോർട്സിനുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
2010ലാണ് റിലയൻസ് ഫൗണ്ടേഷൻ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് ഫോർ ഓൾ ആരംഭിച്ചത്. ആയിരക്കണക്കിന് കുട്ടികൾക്ക് അവസരങ്ങൾ നൽകുന്നതിനും യുവാക്കൾക്ക് പ്രചോദനമാകാനും ഇഎസ്എയ്ക്ക് സാധിച്ചു.