ഐപിഎലിൽ 100 ക്യാച്ച്, 100 വിക്കറ്റ്, 1000 റൺസ്; ചെന്നൈ സൂപ്പർ കിങ്സിന്റെ സ്വന്തം ദളപ‘തീ’
Mail This Article
ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ എം.എസ്.ധോണി ‘തല’യാണെങ്കിൽ രവീന്ദ്ര ജഡേജ ‘ദളപതി’യാണ്. കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ചെന്നൈയ്ക്ക് 7 വിക്കറ്റ് ജയം സമ്മാനിച്ചത് ജഡേജയുടെ മികച്ച ബോളിങ് സ്പെല്ലായിരുന്നു (4 ഓവറിൽ 3ന് 18). 2 ഗംഭീര ക്യാച്ചുകൾകൂടി ആയപ്പോൾ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും ജഡേജ സ്വന്തമാക്കി.
ജഡേജ– ഐപിഎൽ കരിയർ
വയസ്സ്: 35
അരങ്ങേറ്റം: 2008
ആകെ മത്സരം: 231
റൺസ്: 2776
ക്യാച്ച്: 100
വിക്കറ്റ്: 156
ടീമുകൾ: രാജസ്ഥാൻ റോയൽസ്, കൊച്ചി ടസ്കേഴ്സ് കേരള, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ലയൺസ്
ഐപിഎലിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇടംകൈ സ്പിന്നർ– 156 വിക്കറ്റ്
ചെന്നൈ സൂപ്പർ കിങ്സിനായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബോളറാണ് ജഡേജ. 138 വിക്കറ്റ്. ഡ്വെയ്ൻ ബ്രാവോയാണ് (154 വിക്കറ്റ്) ഒന്നാമത്.
ഐപിഎലിൽ 100 ക്യാച്ച്, 100 വിക്കറ്റ്, 1000 റൺസ് എന്നീ 3 നേട്ടങ്ങളും സ്വന്തമാക്കിയ ഏക താരം. കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സരത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. ഐപിഎലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളിൽ അഞ്ചാമതാണ് ജഡേജ. 231 മത്സരങ്ങളാണ് ജഡേജയുടെ പേരിലുള്ളത്. 255 മത്സരങ്ങൾ തികച്ച എം.എസ്.ധോണിയാണ് ഒന്നാമത്.
സുരേഷ് റെയ്ന കഴിഞ്ഞാൽ (110) ചെന്നൈയ്ക്കായി ഏറ്റവുമധികം ക്യാച്ചുകൾ നേടിയ ഫീൽഡറാണ് ജഡേജ (85). ഐപിഎലിലെ ആകെ ക്യാച്ചുകളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തും ജഡേജയുണ്ട് (100).ഐപിഎലിൽ ഒരു ഓവറിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ ഒരാളാണ് ജഡേജ. 2021ൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഹർഷൽ പട്ടേലിന്റെ ഓവറിൽ 37 റൺസാണ് ജഡേജ നേടിയത്. 2011ൽ കൊച്ചി ടസ്കേഴ്സ് താരം പ്രശാന്ത് പരമേശ്വരന്റെ ഓവറിൽ ക്രിസ് ഗെയ്‌ലും 37 റൺസ് നേടിയിരുന്നു.
ഒരു ടീമിന്റെയും ക്യാപ്റ്റനാകാതെ ഏറ്റവും കൂടുതൽ ഐപിഎൽ മത്സരങ്ങൾ കളിച്ച താരമാണ് ജഡേജ. 2022ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായി ചുമതലയേൽക്കും മുൻപ് 200 മത്സരങ്ങൾ ജഡേജ പൂർത്തിയാക്കി.