ADVERTISEMENT

മുല്ലാംപുർ (ചണ്ഡിഗഡ്)∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആദ്യ പന്തിൽ തന്നെ വിക്കറ്റു ലഭിച്ചിട്ടും ക്യാപ്റ്റൻ ശിഖർ ധവാന്റെ അബദ്ധം കാരണം അതു നഷ്ടമായി. ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ആദ്യ പന്തിൽ തന്നെ ലഭിച്ചെങ്കിലും അംപയർ ഔട്ട് നല്‍കിയില്ല. മടിച്ചുനിന്ന ക്യാപ്റ്റൻ ശിഖർ ധവാൻ ഡിആർഎസ് നല്‍കാനും പോയില്ല. കഗിസോ റബാദയുടെ ആദ്യ പന്തിലായിരുന്നു സംഭവം.

ട്രാവിസ് ഹെഡിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ‌ ജിതേഷ് ശർമ പിടിച്ചെടുക്കുകയായിരുന്നു. റബാദയും ഫീൽഡർമാരും വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് അനുവദിച്ചില്ല. ധവാന്‍ റിവ്യൂവിനു പോകാതിരുന്നതോടെ ഈ വിക്കറ്റു നഷ്ടമായി. റീപ്ലേകളിൽ ഹെഡ് ഔട്ടാണെന്നു തെളിഞ്ഞതോടെ നിരാശപ്പെടുന്ന ധവാന്റെ ദ‍ൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മത്സരത്തിൽ 15 പന്തുകൾ നേരിട്ട ട്രാവിസ് ഹെഡ് 21 റൺസാണ് ആകെ നേടിയത്. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തിൽ സിക്സിനു ശ്രമിച്ച ഹെഡിനെ ശിഖർ ധവാൻ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പഞ്ചാബ് കിങ്സിനെതിരെ 2 റൺസിനാണ് ഹൈദരാബാദിന്റെ ജയം. ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ഇന്നിങ്സ്, 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 180 റൺസിൽ അവസാനിച്ചു.

പഞ്ചാബിനായി അവസാനനിമിഷം ശശാങ്ക് സിങ് (25 പന്തിൽ 46*), അശുതോഷ് ശർമ (15 പന്തിൽ 33*) എന്നിവർ പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. ജയദേവ് ഉനദ്‌കട്ട് എറിഞ്ഞ അവസാന ഓവറിൽ 29 റൺസാണ് പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നെങ്കിലും 26 റൺസ് നേടാനെ സാധിച്ചുള്ളൂ.

English Summary:

Shikar Dhawan failed to call DRS against SRH

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com