ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ക്രുനാൽ പാണ്ഡ്യയെയും പറ്റിച്ച് 4.3 കോടി രൂപ തട്ടിയെടുത്ത കേസിൽ അർധ സഹോദരൻ അറസ്റ്റിൽ. ക്രിക്കറ്റ് താരങ്ങളുടെ പരാതിയിൽ 37 വയസ്സുകാരനായ വൈഭവ് പാണ്ഡ്യയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പങ്കാളിത്തത്തിൽ തുടങ്ങിയ സ്ഥാപനത്തിലേക്ക് ഹാർദിക്കും ക്രുനാലും നിക്ഷേപിച്ച 4.3 കോടി രൂപ ഇയാള്‍ അനധികൃതമായി സ്വന്തമാക്കിയതായാണു പരാതിയെന്ന് മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു. തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് വൈഭവ് പാണ്ഡ്യയ്ക്കെതിരെ ചുമത്തിയത്.

2021ലാണ് വൈഭവ് പാണ്ഡ്യയ്ക്കൊപ്പം ചേർന്ന് ഹാർദിക്കും ക്രുനാലും മുംബൈയിൽ പോളിമർ ബിസിനസ് തുടങ്ങിയത്. ഹാർദിക്കും ക്രുനാലുമാണ് കമ്പനിയുടെ 80 ശതമാനത്തോളം തുകയും നിക്ഷേപിച്ചത്. 20 ശതമാനം തുക വൈഭവ് ചെലവാക്കി. സ്ഥാപനത്തിന്റെ നടത്തിപ്പു ചുമതല വൈഭവ് പാണ്ഡ്യയ്ക്കായിരുന്നു. എന്നാൽ ക്രിക്കറ്റ് താരങ്ങൾ അറിയാതെ, വൈഭവ് പാണ്ഡ്യ സ്വന്തം പേരിൽ മറ്റൊരു സ്ഥാപനം തുടങ്ങി.

കമ്പനി സ്ഥാപിക്കുമ്പോൾ ഉണ്ടാക്കിയ കരാറിനു വിരുദ്ധമായിട്ടായിരുന്നു വൈഭവ് പാണ്ഡ്യയുടെ നീക്കം. തനിക്കു ലഭിക്കേണ്ട ലാഭവിഹിതം 20 ശതമാനത്തിൽനിന്ന് 33.3 ശതമാനമായും വൈഭവ് പാണ്ഡ്യ ഉയർത്തി. താരങ്ങളുടെ അറിവോ, സമ്മതമോ ഇല്ലാതെ വൈഭവ് ഒരു കോടിയിലേറെ രൂപ സ്വന്തം അക്കൗണ്ടിലേക്കു മാറ്റുകയും ചെയ്തു.

ഇതോടെയാണ് ക്രിക്കറ്റ് താരങ്ങൾ പൊലീസിൽ പരാതി നൽകിയത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. ലക്നൗ സൂപ്പർ ജയന്റ്സിലാണ് ക്രുനാൽ പാണ്ഡ്യ കളിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് 2024 സീസണിലാണ് മുംബൈയിലെത്തിയത്. എത്ര കോടി രൂപയാണ് ഹാർദിക്കിനെ സ്വന്തമാക്കാന്‍ മുംബൈ ചെലവാക്കിയതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

English Summary:

Hardik Pandya's stepbrother arrested for duping cricketer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com