മലയാളി താരം പരുക്കേറ്റു പുറത്ത്, സീസണ് നഷ്ടമാകും; മുംബൈ ഇന്ത്യൻസിനു തിരിച്ചടി
Mail This Article
മുംബൈ∙ മലയാളി ക്രിക്കറ്റ് താരം വിഷ്ണു വിനോദിന് ഐപിഎൽ 2024 സീസൺ നഷ്ടമാകും. മുംബൈയ്ക്കു വേണ്ടി കഴിഞ്ഞ സീസണില്‍ കാമിയോ പ്രകടനങ്ങളുമായി തിളങ്ങിയ വിഷ്ണു ഈ സീസണിൽ ഇതുവരെ കളിച്ചിട്ടില്ല. ഇടതു കൈയ്ക്കു പരുക്കേറ്റ താരത്തെ മുംബൈ ഇന്ത്യൻസ് ടീമിൽനിന്ന് ഒഴിവാക്കി. വിഷ്ണുവിന്റെ പരുക്ക് എത്രയും പെട്ടെന്ന് ഭേദപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായി മുംബൈ ഇന്ത്യൻസ് പ്രസ്താവനയിൽ അറിയിച്ചു.
30 വയസ്സുകാരനായ വിഷ്ണു വിനോദ് പത്തനംതിട്ട സ്വദേശിയാണ്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽല്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കു വേണ്ടിയും വിഷ്ണു കളിച്ചിട്ടുണ്ട്. വിഷ്ണുവിനു പകരക്കാരനായി സൗരാഷ്ട്ര വിക്കറ്റ് കീപ്പർ ബാറ്റർ ഹർവിക് ദേശായിയെ മുംബൈ ടീമിലെടുത്തു. 2018–19 സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ താരം അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
2018 ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത് ഹാർവിക്കായിരുന്നു. 24 വയസ്സുകാരനായ താരം ഉടന്‍ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേരുമെന്ന് ക്ലബ്ബ് പ്രസ്താവനയിൽ അറിയിച്ചു. ഐപിഎല്ലിൽ നാലു മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈയ്ക്ക് ഇതുവരെ ഒരു കളി മാത്രമാണു ജയിക്കാൻ സാധിച്ചത്. രണ്ടു പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം ഉള്ളത്. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ മുംബൈ നേരിടും.