സബാഷ് ഡികെ, നിങ്ങൾ ലോകകപ്പ് കളിക്കണം: കാർത്തിക്കിനെ ട്രോളി രോഹിത് ശർമ
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബാറ്റർ ദിനേഷ് കാർത്തിക്കിനെ ട്രോളി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. ആർസിബി– മുംബൈ മത്സരത്തിനിടെയാണു സംഭവം. ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ദിനേഷ് കാർത്തിക്കിന് സമീപത്ത് എത്തി ‘സബാഷ് ഡികെ, നിങ്ങൾ ലോകകപ്പ് കളിക്കണം’ എന്നു പറയുകയായിരുന്നു. സ്റ്റംപ് മൈക്കിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ വാക്കുകൾ പതിഞ്ഞത്.
മത്സരത്തില്‍ 23 പന്തുകൾ നേരിട്ട ദിനേഷ് കാർത്തിക്ക് 53 റൺസുമായി പുറത്താകാതെനിന്നു. നാലു സിക്സറുകളും അഞ്ച് ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 15.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മുംബൈ വിജയത്തിലെത്തി.
21 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം. ഇന്ത്യയ്ക്കായി 2022 ലെ ട്വന്റി20 ലോകകപ്പിൽ കളിച്ച ദിനേഷ് കാർത്തിക്ക് ആദ്യ നാലു മത്സരങ്ങൾക്കു ശേഷം പ്ലേയിങ് ഇലവനിൽനിന്നു പുറത്തായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും താരം കളിച്ചിരുന്നില്ല. 2024 ഐപിഎല്ലിനു ശേഷം ദിനേഷ് കാർത്തിക്ക് ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചേക്കുമെന്നാണു വിവരം.
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രോഹിത് ശർമ തന്നെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാകും. വിരാട് കോലിയും ലോകകപ്പിലുണ്ടാകും. അതേസമയം വിക്കറ്റ് കീപ്പർ ആരാകണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഋഷഭ് പന്ത്, സഞ്ജു സാംസൺ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ധ്രുവ് ജുറേൽ, ജിതേഷ് ശർമ തുടങ്ങി താരങ്ങളുടെ നീണ്ടനിര തന്നെ വിക്കറ്റ് കീപ്പറായി ലോകകപ്പ് കളിക്കാൻ കാത്തിരിക്കുന്നുണ്ട്.