ഡിആർഎസ് വേണോയെന്നു സംശയം, ഋഷഭ് പന്ത് ‘പറയും മുൻപേ’ അനുവദിച്ച് അംപയർ; ഗ്രൗണ്ടിൽ തർക്കം
Mail This Article
ലക്നൗ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ ഡിആർഎസിനെച്ചൊല്ലി വിവാദം. വൈഡ് അനുവദിച്ചതിനെതിരെ റിഷഭ് പന്ത് റിവ്യൂ വിളിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. സാധാരണ ക്യാപ്റ്റന്‍മാർ റിവ്യൂ എടുക്കുമ്പോൾ കാണിക്കുന്ന സിഗ്നൽ, ബോളർ ഇഷാന്ത് ശര്‍മയോട് പന്ത് കാണിച്ചതാണ് അബദ്ധമായത്. മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു സംഭവം.
ഇഷാന്ത് ശര്‍മയെറിഞ്ഞ പന്ത് ലക്നൗ ബാറ്ററുടെ പാഡിന് അരികിൽ കൂടെ പോയപ്പോൾ അംപയർ വൈഡ് നൽകുകയായിരുന്നു. ഡൽഹി ക്യാപ്റ്റന് ബോള്‍ പാഡിൽ തട്ടിയോ എന്നു സംശയമുണ്ടായിരുന്നു. റിവ്യൂ വേണോ എന്ന് ഋഷഭ് പന്ത് ഇഷാന്ത് ശർമയോട് ആംഗ്യം കാണിച്ചപ്പോഴേക്കും അംപയർ തീരുമാനം ടിവി അംപയർക്കു വിട്ടതായി അറിയിച്ചു. ബോൾ വൈഡ് തന്നെയാണെന്നു വ്യക്തമായതോടെ ഡൽഹിക്ക് ഒരു റിവ്യൂ അവസരം നഷ്ടമായി.
റിവ്യൂ വിളിച്ചില്ലെന്നും ബോളറോടു സംശയം ചോദിക്കുക മാത്രമാണു ചെയ്തതെന്നും ഡൽഹി ക്യാപ്റ്റൻ വാദിച്ചു നോക്കിയെങ്കിലും അംപയർ വഴങ്ങിയില്ല. ഋഷഭ് പന്ത് ഡൽഹി ഫീൽഡറോട് അഭിപ്രായം ചോദിച്ചതായിരിക്കാം കണ്ടതെന്ന് കമന്ററി ബോക്സിലുണ്ടായിരുന്ന സുനിൽ ഗാവസ്കർ വ്യക്തമാക്കി. എന്നാൽ ബോൾ ബാറ്റിൽ തട്ടിയിരിക്കുമോയെന്നാണ് പന്തു സംശയിച്ചതെന്ന് ദീപ്ദാസ് ഗുപ്തയും വ്യക്തമാക്കി. ഇതേ തുടർന്ന് ഡൽഹി ക്യാപ്റ്റനും അംപയറും തമ്മിൽ ഗ്രൗണ്ടിൽവച്ച് തർക്കിക്കുകയും ചെയ്തു.