ADVERTISEMENT

മുംബൈ∙ ഇരു ടീമുകളുടെയും മുൻ ക്യാപ്റ്റന്മാർ നിറഞ്ഞാടിയ ഐപിഎലിലെ ‘എൽ ക്ലാസിക്കോ’ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 20 റൺസ് ജയം; ചെന്നൈ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു. മുംബൈയുടെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ (63 പന്തിൽ 105*)  സെഞ്ചറിയോടെ ചേസിങ്ങിൽ പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമില്ലാത്തതിനാൽ തോൽവി വഴങ്ങേണ്ടി വന്നു. നാല് വിക്കറ്റ് വീഴ്ത്തിയ മതീഷ് പതിരനയാണ് മുംബൈയെ പിടിച്ചുകെട്ടിയത്. നേരത്തെ, ചെന്നൈയ്ക്കായി അവസാന ഓവറിൽ ഹാട്രിക് സിക്സടക്കം നാല് പന്തിൽ 20 റൺസ് നേടിയ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയാണ് സ്കോർ 200 കടത്തിയത്.

മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് രോഹിത് ശർമയും ഇഷാൻ കിഷാനും (15 പന്തിൽ 23) ചേർന്ന് മുംബൈയ്ക്കു നൽകിയത്. തുടക്കം മുതൽ രോഹിത് അടിച്ചുകളിച്ചതോടെ മുംബൈ സ്കോർ കുതിച്ചു. ഏട്ടാം ഓവറിന്റെ ആദ്യ പന്തിൽ ഇഷാൻ പുറത്താകുമ്പോൾ മുംബൈ സ്കോർ 70 ആയിരുന്നു. എന്നാൽ അതേ ഓവറിന്റെ മൂന്നാം പന്തിൽ സൂര്യകുമാർ യാദവിനെ മതീഷ് പതിരന സംപൂജ്യനായി മടക്കിയതോടെയാണ് മുംബൈ മത്സരം കൈവിട്ടത്.

പിന്നീടെത്തിയ ആർക്കും രോഹിത്തിന് ഉറച്ച പിന്തുണ നൽകാനായില്ല. തിലക് വർമ (20 പന്തിൽ 31), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (6 പന്തിൽ 2), ടിം ഡേവിഡ് (5 പന്തിൽ 13*), റൊമാരിയോ ഷെപ്പേർഡ് (2 പന്തിൽ 1), മുഹമ്മദ് നബി ( 7 പന്തിൽ 4*) എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റർമാരുടെ സ്കോറുകൾ. അവസാനം വരെ ക്രീസിൽ ഉറച്ചുനിന്ന രോഹിത് സെഞ്ചറി പൂർത്തിയാക്കിയെങ്കിലും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല. ചെന്നൈയ്ക്കായി തുഷാർ ദേശ്‍പാണ്ഡെ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

∙ തലയുടെ ‘വിസിലടി’

വാങ്കഡെ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റു ചെയ്ത ചെന്നൈ, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (40 പന്തിൽ 69), ശിവം ദുബെ (38 പന്തിൽ 66*) എന്നിവരുടെ ബാറ്റിങ്ങാണ് ചെന്നൈയ്ക്കു മികച്ച സ്കോർ സമ്മാനിച്ചത്. അവസാന ഓവറിൽ ക്രീസിലെത്തിയ എം.എസ്.ധോണി, മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ തുടർച്ചയായി മൂന്നു സിക്സറുകൾ നേടി. ഇതടക്കം നാല് പന്തിൽ 20 റൺസാണ് ധോണി അടിച്ചുകൂട്ടിയത്. ഒരുപക്ഷേ വാങ്കഡെ സ്റ്റേഡിയത്തിൽ എം.എസ്.ധോണിയുടെ അവസാന മത്സരമായിരിക്കും ഇതെന്നു വിലയിരുത്തലുണ്ട്. ക്യാപ്റ്റന്‍സി ഋതുരാജിന് കൈമാറിയതോടെ ഇത് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കുമെന്നാണ് പറയപ്പെടുന്നത്. അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലായാണ് ഈ സീസണിലെ പ്ലേഓഫ് മല്‍സരങ്ങള്‍. അതുകൊണ്ട് തന്നെ സീസണില്‍ ധോണിക്ക് വീണ്ടും വാങ്കഡെയിലേക്ക് വരാനുള്ള അവസരമില്ല.

മുംബൈയ്‌ക്കെതിരെ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിങ്. ചിത്രം: X/IPL
മുംബൈയ്‌ക്കെതിരെ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിങ്. ചിത്രം: X/IPL

മത്സരത്തിൽ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയ ചെന്നൈയുടെ ഓപ്പണറായി അജിൻക്യ രഹാനെയാണ് ഇറങ്ങിയത്. എന്നാൽ 8 പന്തിൽ 5 റൺസ് മാത്രം എടുത്ത രഹാനയെ രണ്ടാം ഓവറിൽ തന്നെ ചെന്നൈയ്ക്കു നഷ്ടമായി. രണ്ടാം വിക്കറ്റിൽ മറ്റൊരു ഓപ്പണർ രചിൻ രവീന്ദ്രയും (16 പന്തിൽ 21), ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിൽ രചിനെ പുറത്താക്കി ശ്രേയസ് ഗോപാലാണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ പിന്നീടെത്തിയ ശിവം ദുബെ കത്തികയറിയതോടെ ചെന്നൈ സ്കോർ അതിവേഗം ഉയർന്നു.

മൂന്നാം വിക്കറ്റിൽ ഗെയ്‌ക്‌വാദ്– ദുബെ സഖ്യം 90 റൺസെടുത്തു. 16–ാം ഓവറിൽ പുറത്തായ ഗെയ്‌ക്‌വാദിനു പിന്നാലെയെത്തിയ ഡാരിൽ മിച്ചലിന് (14 പന്തിൽ 17) കാര്യമായ സംഭാവന നൽകാനായില്ലെങ്കിലും അവസാന ഓവറിൽ മിച്ചൽ പുറത്തായതിനുശേഷമെത്തിയ ധോണി, ഹാട്രിക് സിക്സോടെ ചെന്നൈ സ്കോർ 200 കടത്തുകയായിരുന്നു. മുംബൈയ്ക്കായി ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റും ജെറാൾഡ് കോട്ട്‌സി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com