ഡെത്ത് ഓവർ എറിയാൻ കഴിവില്ല, ആകാശ് മഡ്വാളിനെ വിശ്വാസവുമില്ല: പാണ്ഡ്യയ്ക്കെതിരെ മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ബോളിങ് പ്രകടനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ആകാശ് മഡ്‍വാളിനോടുള്ള വിശ്വാസം ഇല്ലായ്മയും ഡെത്ത് ഓവർ ബോളറെന്ന നിലയിൽ പാണ്ഡ്യയുടെ കഴിവില്ലായ്മയുമാണ് അവസാന ഓവറിൽ കണ്ടതെന്ന് ഇർഫാൻ പഠാൻ പ്രതികരിച്ചു. മത്സരത്തിൽ മുംബൈ ഇന്ത്യന്‍സ് 20 റണ്‍സിന്റെ തോൽവി വഴങ്ങിയതോടെയാണ് ഇർഫാൻ എക്സ് പ്ലാറ്റ്ഫോമിൽ തന്റെ നിലപാടു വ്യക്തമാക്കിയത്.
ആദ്യം ബാറ്റു ചെയ്ത ചെന്നൈയ്ക്കെതിരെ പാണ്ഡ്യ മൂന്ന് ഓവറുകൾ പന്തെറിഞ്ഞ് രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പക്ഷേ താരം 43 റൺസാണ് 18 പന്തുകളിൽ വഴങ്ങിയത്. മുംബൈ നിരയിൽ കൂടുതൽ റണ്‍സ് വഴങ്ങിയ ബോളറും പാണ്ഡ്യയാണ്. ഹാർദിക് പാണ്ഡ്യയെറിഞ്ഞ 20–ാം ഓവർ കളിയിൽ നിർണായകമായി. പാണ്ഡ്യയെറിഞ്ഞ ആറു പന്തുകളില്‍നിന്ന് ചെന്നൈ ബാറ്റർമാര്‍ അടിച്ചെടുത്തത് 26 റൺസായിരുന്നു.
പാണ്ഡ്യയുടെ അവസാന ഓവറിൽ ധോണി മൂന്നു സിക്സറുകൾ പറത്തി. മറുപടി ബാറ്റിങ്ങിൽ ആറു പന്തിൽ പാണ്ഡ്യ നേടിയത് വെറും രണ്ട് റണ്‍സ്. തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തിൽ രവീന്ദ്ര ജഡേജ ക്യാച്ചെടുത്താണ് പാണ്ഡ്യയെ പുറത്താക്കിയത്. വെസ്റ്റിൻഡീസ് ഓൾ റൗണ്ടറായ റൊമാരിയോ ഷെഫേർഡ് രണ്ട് ഓവറുകൾ മാത്രമാണ് മുംബൈയ്ക്കു വേണ്ടി പന്തെറിഞ്ഞത്.
ഇന്ത്യൻ ഓൾ റൗണ്ടർ ശ്രേയസ് ഗോപാല്‍ ഒരോവറിൽ ഒൻപതു റൺസ് മാത്രമാണു വഴങ്ങിയതെങ്കിലും വീണ്ടുമൊരു അവസരം ലഭിച്ചില്ല. മത്സരത്തിൽ മൂന്ന് ഓവറുകൾ പന്തെറിഞ്ഞ ആകാശ് മഡ്‌വാൾ 37 റൺസാണു വഴങ്ങിയത്. താരത്തിന് വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഹാർദിക് പാണ്ഡ്യയുടെ ബോളിങ്ങിനെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറും രംഗത്തെത്തി. ‘‘അടുത്ത കാലത്ത് കണ്ട ഏറ്റവും മോശം ഡെത്ത് ഓവർ ബോളിങ്ങാണിത്. ശരാശരി ബോളിങ്ങും ക്യാപ്റ്റൻസിയും മാത്രം. ചെന്നൈ സൂപ്പർ കിങ്സ് സ്കോർ 185ല്‍ നിർത്തണമായിരുന്നു.’’– എന്നായിരുന്നു ഗാവസ്കറുടെ പ്രതികരണം.