ഏഴിൽ ആറും തോറ്റ ‘അടിവാരം’ ടീം ബെംഗളൂരു; പ്ലേ ഓഫിലെത്താൻ ഇനിയും സാധ്യത ബാക്കിയുണ്ട്!
Mail This Article
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ ആറും തോറ്റെങ്കിലും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഇനിയും പ്ലേ ഓഫിൽ കടക്കാം. ആര്‍സിബിക്ക് ഇനി ഏഴു കളികൾ ബാക്കിയുണ്ട്. ഇതെല്ലാം ജയിച്ചാൽ ഫാഫ് ഡുപ്ലേസി നയിക്കുന്ന ബെംഗളൂരുവിന് മറ്റു ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ തന്നെ പ്ലേ ഓഫ് ഉറപ്പിക്കാനാകും. എന്നാൽ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതുവരെ ഒരു കളി മാത്രം വിജയിച്ച ബെംഗളൂരു രണ്ടു പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്.
ഞായറാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. സൺറൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകള്‍ക്കെതിരെ ഓരോ കളി വീതം ബാക്കിയുണ്ട്. ഗുജറാത്ത് ടൈറ്റൻസിനോട് രണ്ടു കളിയുമുണ്ട്. ഈ മത്സരങ്ങളെല്ലാം ജയിച്ചാൽ ബെംഗളൂരുവിന് പ്ലേ ഓഫ് കളിക്കാം.
മികച്ച സ്കോർ കണ്ടെത്താൻ കെൽപുള്ള ബാറ്റിങ് നിരയാണ് ആർസിബിക്കുള്ളത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസി, വിരാട് കോലി, ദിനേഷ് കാർത്തിക്ക് തുടങ്ങിയ മുൻനിര ബാറ്റർമാരെല്ലാം മികച്ച ഫോമിൽ. എന്നാൽ യാതൊരു നിയന്ത്രണവുമില്ലാതെ റൺ വഴങ്ങുന്ന ബോളർമാർ ടീമിന്റെ തലവേദനയാണ്. അവസാന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് 25 റൺസിനാണ് ആർസിബി തോറ്റത്.
ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തിട്ടും ശക്തമായ പോരാട്ടം ആർസിബി ബാറ്റർമാർ നടത്തി. ഏഴു വിക്കറ്റ് നഷ്ടത്തിൽ 262 റൺസാണ് ആർസിബി അടിച്ചെടുത്തത്. തോൽവികൾ തുടർകഥയാക്കിയതോടെ ആർസിബിക്കെതിരെ വിമർശനവും ശക്തമായി. ടീമിനെ മികച്ചതാക്കാൻ പുതിയ ഉടമകൾക്കു വിൽക്കാൻ തയാറാകണമെന്ന് ഇന്ത്യൻ ടെന്നിസ് ഇതിഹാസം മഹേഷ് ഭൂപതി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.