‘രോഹിത് ശർമ ക്യാപ്റ്റനായും ബാറ്ററായും പരാജയം, പാണ്ഡ്യയാണ് മുംബൈയുടെ കണ്ടെത്തൽ’
![hardik-pandya-rohit-sharma-video hardik-pandya-rohit-sharma-video](https://img-mm.manoramaonline.com/content/dam/mm/mo/premium/life/images/2024/3/27/hardik-pandya-rohit-sharma-video.jpg?w=1120&h=583)
Mail This Article
മുംബൈ∙ രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിന്റെ കാരണങ്ങൾ വിശദീകരിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. രോഹിത് ശർമ ബാറ്ററെന്ന നിലയിലും ക്യാപ്റ്റന്റെ റോളിലും കഴിഞ്ഞ മൂന്നു സീസണുകളിലും പരാജയമായിരുന്നെന്ന് ഉത്തപ്പ പ്രതികരിച്ചു. ‘‘ബാറ്ററെന്ന നിലയിൽ രോഹിത് ശർമയുടെ കഴിവുകളെ കുറച്ചു പറയുന്നതായി തോന്നരുത്. കഴിഞ്ഞ മൂന്ന് സീസണുകളിൽ ഐപിഎൽ കിരീടം നേടാൻ മുംബൈ ഇന്ത്യൻസിനു സാധിച്ചിട്ടില്ല. ബാറ്ററെന്ന നിലയിൽ 400 റൺസിനു മുകളിൽ സ്കോർ ചെയ്യാൻ രോഹിത് ശർമയ്ക്കു സാധിച്ചിട്ടില്ല.’’– റോബിൻ ഉത്തപ്പ ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു.
‘‘മൂന്നു സീസൺ കഴിഞ്ഞിട്ടും മികവു കാട്ടാത്ത ഒരാളെ മാറ്റുന്നത് ഏതൊരു ടീമും എടുക്കുന്ന തീരുമാനമായിരിക്കും. ഹാർദിക് പാണ്ഡ്യയെയാണ് മുംബൈ ഇന്ത്യൻസ് കണ്ടെത്തിയത്. സീസണിന്റെ മധ്യത്തിൽവച്ച് റിക്കി പോണ്ടിങ്ങിനെ മാറ്റി രോഹിത് ശർമയെ ക്യാപ്റ്റനാക്കിയവരാണ് മുംബൈ ഇന്ത്യൻസ് ടീം. അതേ ഫ്രാഞ്ചൈസി തന്നെയാണ് ഇപ്പോഴും. രോഹിത് ക്യാപ്റ്റനായപ്പോൾ സീനിയർ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, റിക്കി പോണ്ടിങ്, ഹർഭജൻ സിങ് എന്നിവരെല്ലാം അദ്ദേഹത്തെ സ്വീകരിച്ചു.’’
ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനൽ വരെയെത്തിച്ചതിനാലാണ് രോഹിത് ശർമയ്ക്കു വേണ്ടി ആരാധകർ ഇങ്ങനെ പ്രതികരിക്കുന്നതെന്നും റോബിൻ ഉത്തപ്പ വ്യക്തമാക്കി. 2020 ലാണ് മുംബൈ ഇന്ത്യൻസ് അവസാനമായി ഐപിഎൽ കിരീടം സ്വന്തമാക്കിയത്. 2022 ൽ മുംബൈ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി. 2023 ൽ പ്ലേ ഓഫിലെത്തിയെങ്കിലും മുന്നോട്ടുപോകാനായില്ല.