ഐപിഎല്ലില്‍ മികച്ച ഫോമിൽ, ട്വന്റി20 ലോകകപ്പ് കളിക്കാൻ തയാറെന്ന് കാർത്തിക്
Mail This Article
കൊൽക്കത്ത ∙ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് കളിക്കാൻ 100 ശതമാനം ഫിറ്റാണെന്നും ടീമിലിടം നേടാൻ പരമാവധി പ്രയത്നിക്കുമെന്നും വെറ്ററൻ താരം ദിനേഷ് കാർത്തിക്. ജീവിതത്തിലെ ഈ പ്രായത്തിൽ ഇന്ത്യയ്ക്കായി മത്സരിക്കുകയെന്നത് വലിയൊരു നേട്ടമായിരിക്കും. പരിശീലകൻ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത്, ചീഫ് സിലക്ടർ അജിത് അഗാർക്കർ എന്നിവരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ടീം മാനേജ്മെന്റിന്റെ ഏതു തീരുമാനത്തിനും ഒപ്പം നിൽക്കുമെന്ന് മുപ്പത്തെട്ടുകാരനായ കാർത്തിക് പറഞ്ഞു.
ഐപിഎലിൽ മികച്ച ഫോമിൽ കളിക്കുന്ന കാർത്തിക്കും അവകാശവാദം ഉന്നയിച്ചതോടെ ഇന്ത്യൻ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കുള്ള മത്സരം കടുത്തതായി. ഋഷഭ് പന്ത്, കെ.എൽ.രാഹുൽ, സഞ്ജു സാംസൺ, ഇഷൻ കിഷൻ എന്നിവരാണ് ഈ സ്ഥാനം ലക്ഷ്യമിടുന്ന മറ്റു താരങ്ങൾ. 2022ൽ ഓസ്ട‌്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന കാർത്തിക് അതിനുശേഷം ദേശീയ ടീമിൽ കളിച്ചിട്ടില്ല.
മത്സരങ്ങളിൽ നിന്ന് ഇടവേളയെടുത്ത് കമന്ററി ബോക്സിൽ സ്ഥിരാംഗമായ താരം ഇത്തവണത്തെ ഐപിഎലിലൂടെയാണ് മത്സരക്കളത്തിൽ വീണ്ടും സജീവമായത്. 205 സ്ട്രൈക്ക് റേറ്റിൽ ഇതുവരെ 226 റൺസ് നേടിയ ദിനേഷ് കാർത്തിക് ഈ സീസണിൽ കൂടുതൽ റൺസ് നേടിയ ബെംഗളൂരു ടീമംഗങ്ങളിൽ മൂന്നാംസ്ഥാനത്താണ്.