ADVERTISEMENT

കൊൽക്കത്ത∙ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തെച്ചൊല്ലി വീണ്ടും വിവാദം. ആർസിബിക്ക് അവകാശപ്പെട്ട സിക്സ് അനുവദിക്കുന്നതിൽ അംപയർക്കു പിഴവു പറ്റിയെന്നാണ് ആരാധകരുടെ പുതിയ കണ്ടെത്തൽ. സിക്സ് പോയ പന്ത് ഫോർ മാത്രമാണ് അംപയർ നൽകിയതെന്നാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളുരു ആരാധകരുടെ പരാതി. ഇതു തെളിയിക്കുന്നതെന്ന് അവകാശപ്പെട്ടുള്ള വിഡിയോ ദൃശ്യങ്ങളും ആർസിബി ഫാൻസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.

ഒരു റണ്ണിന് കൊൽക്കത്ത വിജയിച്ച മത്സരം, അംപയർ ഇടപെട്ടില്ലായിരുന്നെങ്കിൽ ആര്‍സിബി ജയിക്കുമായിരുന്നെന്നും ആരാധകർ വാദിക്കുന്നു. ബെംഗളൂരുവിനായി ഇംപാക്ട് പ്ലേയറായി കളിക്കാനിറങ്ങിയ സുയാഷ് പ്രഭുദേശായി നേടിയ ബൗണ്ടറിയെച്ചൊല്ലിയാണു പുതിയ വിവാദം. ആർസിബിയുടെ ബാറ്റിങ്ങിനിടെ 17–ാം ഓവറിലാണു സംഭവം. വരുൺ ചക്രവർത്തി എറിഞ്ഞ അഞ്ചാം പന്ത് സിക്സർ ലക്ഷ്യമിട്ട് സുയാഷ് പ്രഭുദേശായി അടിച്ചുപറത്തുകയായിരുന്നു. ഫൈൻ ലെഗിലേക്കു പോയ ബൗണ്ടറിയിൽ ഫോർ മാത്രമാണ് അംപയർ അനുവദിച്ചത്.

എന്നാൽ ഇതു സിക്സ് ആയിരുന്നെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. ബെംഗളൂരു മത്സരം ഒരു റണ്ണിനു തോറ്റതോടെയാണ് പുതിയ വിവാദം ഉയർന്നത്. ബാറ്റിങ്ങിനിടെ വിരാട് കോലി പുറത്തായ സംഭവത്തിലും വൻ ചർച്ചകളാണു നടക്കുന്നത്. നോബോളിലാണു പുറത്തായതെന്ന് പറഞ്ഞു വിരാട് കോലി ഡിആര്‍എസ് എടുത്തെങ്കിലും അംപയർ ഇത് അനുവദിച്ചിരുന്നില്ല. തുടർന്ന് കോലി അംപയർമാരുമായി തർക്കിച്ച ശേഷമാണു ഗ്രൗണ്ട് വിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങില്‍ 20 ഓവറിൽ 221 റൺസെടുത്ത് ആർസിബി പുറത്തായി. സീസണില്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഏഴാം തോൽവിയാണിത്.

English Summary:

Did Umpires Cost RCB 2 Runs vs KKR?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com