ഐപിഎലിൽ ആരും വിളിച്ചെടുത്തില്ല; കൗണ്ടി ക്രിക്കറ്റിൽ ഇരട്ട സെഞ്ചറിയുമായി മലയാളി താരം
Mail This Article
കൊച്ചി∙ മലയാളി ക്രിക്കറ്റർ കരുൺ നായർക്കു ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ ഡബിൾ സെഞ്ചറി. ഇതോടെ ഇംഗ്ലിഷ് കൗണ്ടിയിൽ ഇരട്ടസെഞ്ചറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ബെംഗളൂരു സ്വദേശിയായ കരുൺ നായർ.
കൗണ്ടിയിൽ നോർത്താംപ്ടൻഷറിനായി കളിക്കുന്ന കരുൺ ഗ്ലമോർഗനെതിരായ രണ്ടാം ഡിവിഷൻ കൗണ്ടി ചാംപ്യൻഷിപ്പിൽ 253 പന്തിൽ 202 റൺസ് നേടി. രണ്ടു സിക്സും 21 ബൗണ്ടറികളും ഉൾപ്പെട്ട ഇന്നിങ്സ്. മുഹമ്മദ് അസ്ഹറുദ്ദീൻ, ചേതേശ്വർ പൂജാര എന്നിവരാണ് ഇതിനു മുൻപു കൗണ്ടിയിൽ ഇരട്ടസെഞ്ചറി നേടിയ ഇന്ത്യൻ താരങ്ങൾ. ‘സ്ഥിരമായി മികച്ച സ്കോർ നേടാനാകുന്നതു സന്തോഷകരമാണ്. ഇതേ രീതിയിൽ മുന്നോട്ടുപോകാനാണു ശ്രമം’–കരുൺ ‘മനോരമ’യോടു പ്രതികരിച്ചു.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ വിദർഭയ്ക്കായി മികവുറ്റ പ്രകടനം കാഴ്ചവച്ച കരുൺ ഇന്ത്യക്കായി ട്രിപ്പിൾ സെഞ്ചറി നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ കരുണിനെ ഒരു ടീമും വിളിച്ചെടുത്തിരുന്നില്ല. ഇതോടെയാണ് ഇംഗ്ലിഷ് കൗണ്ടിയിലേക്കു തിരിഞ്ഞത്.