വാർഷിക കരാറില്ലാത്ത സ്റ്റോയ്നിസ് ഐപിഎല്ലിൽ തീപ്പൊരി ബാറ്റർ; കൺഫ്യൂഷനടിച്ച് ഓസീസ്
Mail This Article
ന്യൂഡൽഹി ∙ ഐപിഎലിലെ കന്നി സെഞ്ചറിയുമായി ലക്നൗ സൂപ്പർ ജയന്റ്സ് താരം മാർകസ് സ്റ്റോയ്നിസ് ഫോമിലേക്കു തിരിച്ചെത്തുമ്പോൾ തലവേദന ഓസ്ട്രേലിയൻ ദേശീയ ടീം സിലക്ടർമാർക്കാണ്. മോശം പ്രകടനം കാരണം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വാർഷിക കരാറിൽ നിന്ന് അടുത്തിടെ സ്റ്റോയ്നിസ് പുറത്തായിരുന്നു. അതിനാൽ, ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലും മുപ്പത്തിനാലുകാരനായ ഓൾറൗണ്ടർക്ക് അവസരം ലഭിക്കില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇതിനിടെയാണ് ഐപിഎൽ റൺചേസിലെ ഉയർന്ന സ്കോർ കുറിച്ച ഇന്നിങ്സിലൂടെ (124 നോട്ടൗട്ട്) സ്റ്റോയ്നിസ് വീണ്ടും സിലക്ടർമാരുടെ കൺവെട്ടത്തിലെത്തിയത്. കഴിഞ്ഞ ദിവസം, ആദ്യം ബാറ്റു ചെയ്ത ചെന്നൈ 210 റൺസ് നേടിയപ്പോൾ സ്റ്റോയ്നിസിന്റെ സെഞ്ചറി മികവിൽ ലക്നൗ 3 പന്തും 6 വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു.
മറുപടി ബാറ്റിങ്ങിലെ ആദ്യ ഓവറിൽ തന്നെ ക്വിന്റൻ ഡികോക്കിനെ നഷ്ടമായ ലക്നൗ, സ്റ്റോയ്നിസിനെ മൂന്നാമതിറക്കി. ഇതാണ് വഴിത്തിരിവായത്. 63 പന്തിൽ 13 ഫോറും 6 സിക്സും ഉൾപ്പെടെ 124 റൺസ് നേടിയാണ് സ്റ്റോയ്നിസ് ടീമിനെ ഒറ്റയ്ക്കു തോളിലേറ്റിയത്.