ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയും ബെംഗളൂരുവിൽ വോട്ട് ചെയ്തു
Mail This Article
ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുല്‍ ദ്രാവിഡ് ബെംഗളൂരുവിൽ വോട്ട് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ബൂത്തിലെത്തിയ ദ്രാവിഡ്, കുറച്ചുനേരം ക്യൂ നിന്ന ശേഷമാണ് വോട്ടു ചെയ്തത്. ബെംഗളൂരു നോർത്ത് മണ്ഡലത്തിലെ വോട്ടറാണ് മുൻ ഇന്ത്യൻ താരമായ ദ്രാവിഡ്. എല്ലാവരും വോട്ടു ചെയ്ത് ജനാധിപത്യത്തിന്റെ ഭാഗമാകണമെന്ന് ദ്രാവിഡ് മാധ്യമങ്ങളോടു പ്രതികരിച്ചു.
‘‘വളരെ എളുപ്പമുള്ള പ്രക്രിയയാണിത്. ഇപ്രാവശ്യം ബെംഗളൂരുവിൽ കൂടുതൽ പേർ വോട്ടു ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. കന്നിവോട്ടുകാർ ഒരുപാടുണ്ട്. യുവാക്കൾ വോട്ടു ചെയ്യാൻ തയാറാകണം.’’– രാഹുൽ ദ്രാവിഡ് പ്രതികരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം അനിൽ കുംബ്ലെയും ബെംഗളൂരുവിൽ വോട്ട് ചെയ്തു. വോട്ടു ചെയ്തതിനു ശേഷമുള്ള ചിത്രം അനിൽ കുംബ്ലെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ കർണാടകയിലെ 14 സീറ്റുകളിലാണു തിരഞ്ഞെടുപ്പു നടക്കുന്നത്. ഉഡുപ്പി, ചിക്കമഗളുരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുംകുർ, മണ്ഡ്യ, മൈസുരു, ചാമരാജനഗർ, ബെംഗളൂരു റൂറല്‍, ബെംഗളൂരു നോർത്ത്, ബെംഗളൂരു സെൻട്രൽ, ബെംഗളൂരു സൗത്ത്, ചിക്കബെല്ലാപൂർ, കോലാർ മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.