73 പന്തിൽ 200! അംഗീകൃത ട്വന്റി20യിൽ ഇരട്ട സെഞ്ചറി; അപൂർവ നേട്ടം സ്വന്തമാക്കി പ്രിൻസ്
Mail This Article
പെരുമ്പിലാവ് (തൃശൂർ) ∙ നിറം മങ്ങിയ പാഡ് ധരിച്ച് ആമ്പല്ലൂർ എൻടിസി മൈതാനത്തു കളിക്കാനിറങ്ങുമ്പോൾ പ്രിൻസ് ആലപ്പാട്ട് (35) അറിഞ്ഞില്ല, ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അപൂർവ നേട്ടം കുറിക്കാൻ ഒരുങ്ങുകയാണു താനെന്ന്. ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകൃത ട്വന്റി20 മത്സരത്തിൽ ഇരട്ട സെഞ്ചറിയെന്ന അപൂർവ നേട്ടമാണു പ്രിൻസ് സ്വന്തമാക്കിയത്. 73 പന്തിൽ 15 സിക്സും 23 ഫോറും സഹിതം 200 റൺസ് പ്രിൻസ് നേടി.
വെസ്റ്റിൻഡീസ് താരം റഹിം കോൺവാൾ അറ്റ്‍ലാന്റ ഓപ്പണിൽ ഇരട്ട സെഞ്ചറി നേടി ചരിത്രം കുറിച്ചിട്ടുണ്ടെങ്കിലും അംഗീകൃത ടൂർണമെന്റ് അല്ലാതിരുന്നതിനാൽ ചരിത്ര പുസ്തകങ്ങളിൽ ഇടംപിടിച്ചിട്ടില്ല. ഐപിഎലിൽ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ നേടിയ 175 റൺസ് ആണ് അംഗീകൃത ട്വന്റി20യിലെ ഉയർന്ന വ്യക്തിഗത സ്കോർ.
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ബി ഡിവിഷൻ ലീഗ് ട്വന്റി20യിൽ തൃശൂർ ഒക്ടോപൽസ് ക്ലബ്ബും ഉത്ഭവ് സ്പോർട്സ് ക്ലബ്ബും തമ്മിൽ നടന്ന മത്സരത്തിലാണു പ്രിൻസിന്റെ അദ്ഭുത പ്രകടനം. ഒക്ടോപൽസ് 122 റൺസിനു ജയിച്ചു. തൃശൂർ ദേവമാതാ സ്കൂളിലെ ക്രിക്കറ്റ് പരിശീലകൻ കൂടിയാണു പ്രിൻസ്.