ADVERTISEMENT

63 പന്തിൽ 124 റൺസടിച്ച് ചെന്നൈ സൂപ്പർ കിങ്സിനെ എല്ലുപൊടിയാക്കിയ മാർകസ് സ്റ്റോയ്നിസിനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത് ‘ഹൾക്ക്’ എന്നാണ്. മസിൽ ബോഡിയും ബോളർമാരെ അടിച്ചുപഴുപ്പിക്കുന്ന അറ്റാക്കിങ് ബാറ്റിങ് ശൈലിയും സ്റ്റോയ്നിസിനെ ഹൾക്ക് ആക്കി മാറ്റുന്നുവെങ്കിൽ ഐപിഎലിലെ ഓസ്ട്രേലിയൻ താരങ്ങൾ ചേർന്നാൽ ‘മാർവലി’ന്റെ അവഞ്ചേഴ്സിനു സമാനമായൊരു ‘മാർവലസ്’ സൂപ്പർഹീറോ ടീം രൂപപ്പെടുമെന്നു നിസ്സംശയം പറയാം.

തോറിനെ പോലെ ബാറ്റിൽ നിന്നു മിന്നൽപിണർ ഉതിർക്കുന്ന ജേക്ക് ഫ്രേസർ, അയൺമാൻ ശൈലിയിൽ മാച്ച് വിന്നറായി തുടരുന്ന ട്രാവിസ് ഹെഡ്, ക്യാപ്റ്റൻ അമേരിക്കയെപ്പോലെ മുന്നിൽ നിന്നു നയിക്കുന്ന ഹൈദരാബാദ് നായകൻ പാറ്റ് കമിൻസ് എന്നിങ്ങനെ നീളുന്നതാണ് ഓസ്ട്രേലിയൻ താരനിര. ഗ്ലെൻ മാക്സ്‍വെലും കാമറൂൺ ഗ്രീനും മിച്ചൽ സ്റ്റാർക്കും ഉൾപ്പെടെയുള്ളവർ കൂടി ചേർന്നാൽ ഓസീസിനെ പിടിച്ചു നിർത്താൻ മറ്റു ടീമുകൾ വിയർക്കുമെന്നുറപ്പ്.

ഹിറ്റേഴ്സ് ക്ലബ്

ട്വന്റി ലോകകപ്പിനുള്ള ഓസീസ് ടീമിൽ ഓപ്പണർ റോളിൽ ട്രാവിസ് ഹെഡിന്റെ സ്ഥാനം ഉറപ്പാണ്. 8 മത്സരങ്ങളിൽ 42 റൺസ് ശരാശരിയിൽ 338 റൺസ് നേടിയ ഹെഡിന്റെ സ്ട്രൈക്ക് റേറ്റ് 211! ഡൽഹിയുടെ വെടിക്കെട്ട് ഓപ്പണർ ജേക്ക് ഫ്രേസർ ആകും ഹെഡിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക. 6 കളികളിൽ നിന്ന് 233 സ്ട്രൈക്ക് റേറ്റിൽ 259 റൺസ് ഫ്രേസർ നേടിയിട്ടുണ്ട്. 

jake-frazer
ജേക് ഫ്രേസർ

ഫിനിഷർ റോളിൽ മാർകസ് സ്റ്റോയ്നിസ് എത്തിയേക്കും. 9 കളികളിൽ ഒരു സെഞ്ചറി അടക്കം 254 റൺസും 5 വിക്കറ്റുമാണ് സ്റ്റോയ്നിസിന്റെ സമ്പാദ്യം.  ബെംഗളൂരുവിന്റെ കാമറൂൺ ഗ്രീനും മുംബൈയുടെ ഫിനിഷർ ടിം ഡേവിഡും ഓൾറൗണ്ടർമാരായി ടീമിലുണ്ടാകും. ഐപിഎലിൽ തിളങ്ങാനായില്ലെങ്കിലും ഗ്ലെൻ മാക്സ്‍വെൽ, മിച്ചൽ മാർഷ് തുടങ്ങിയവർ കൂടി വന്നാൽ ബാറ്റിങ് നിര ഡബിൾ സ്ട്രോങ്. വിരമിച്ചെങ്കിലും ട്വന്റി20 ലോകകപ്പ് ടീമിൽ കളിക്കാൻ സന്നദ്ധനാണെന്നു ഡേവിഡ് വാർണറും വ്യക്തമാക്കിയിട്ടുണ്ട്.

ബോളേഴ്സ് ഇൻ

ക്യാപ്റ്റൻ പാറ്റ് കമിൻസിനു തന്നെയാകും ബോളിങ് ക്യാപ്റ്റൻ. കമിൻസിനൊപ്പം ഗുജറാത്ത് ടൈറ്റൻസ് പേസർ സ്പെൻസർ ജോൺസണും ടീമിലെത്താനിടയുണ്ട്. ഐപിഎലിൽ പ്രതീക്ഷിച്ച ഫോമിലേക്ക് എത്തിയിട്ടില്ലെങ്കിലും പേസർ മിച്ചൽ സ്റ്റാർക്കും ടീമിൽ ഇടംപിടിച്ചേക്കും.

English Summary:

Perfect squad for Australia in T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com