കടലാസിൽ കരുത്തർ, മുംബൈയെ തോൽപിച്ചത് പാണ്ഡ്യയുടെ ആ തീരുമാനം: വിമർശിച്ച് ഇർഫാൻ
Mail This Article
മുംബൈ∙ ഐപിഎല്ലിൽനിന്ന് പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യൻസ് പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ടീം അംഗങ്ങൾ ക്യാപ്റ്റനെ അംഗീകരിക്കുന്നില്ലെന്ന് ഇൻസ്റ്റഗ്രാം വിഡിയോയിൽ ഇർഫാൻ പഠാൻ പ്രതികരിച്ചു. മുംബൈ ഇന്ത്യൻസ് കടലാസിൽ കരുത്തരായ ടീമാണെങ്കിലും നയിക്കാൻ മികച്ച ക്യാപ്റ്റനില്ലാത്തതാണു പ്രശ്നമെന്നും ഇർഫാൻ പഠാൻ ആരോപിച്ചു.
‘‘നൈറ്റ് റൈഡേഴ്സ് 57ന് അഞ്ച് എന്ന നിലയിലേക്കു കൂപ്പുകുത്തിയ സമയത്ത് നമൻ ഥിറിനെ തുടർച്ചയായി മൂന്ന് ഓവറുകൾ എറിയിക്കാനുള്ള പാണ്ഡ്യയുടെ തീരുമാനമാണു മത്സരത്തിൽ നിർണായകമായത്. ഈ സമയം സമ്മർദം ഇല്ലാതെ ബാറ്റു ചെയ്ത മനീഷ് പാണ്ഡെയും വെങ്കടേഷ് അയ്യരും കൊൽക്കത്തയെ തകർച്ചയിൽനിന്ന് കരകയറ്റി. പ്രധാന ബോളർമാരെ ഉപയോഗിച്ച് വിക്കറ്റ് എടുത്തിരുന്നെങ്കിൽ കൊൽക്കത്ത 150 കടക്കില്ലായിരുന്നു. ഹാർദിക്കിന്റെ ഈ തീരുമാനം കാരണം കൊൽക്കത്ത 20 റൺസെങ്കിലും അധികം നേടിയിട്ടുണ്ടാകും.’’– ഇർഫാൻ പഠാൻ വ്യക്തമാക്കി.
‘‘ഒരു ടീമിനെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റനാകണം അവസാന വാക്ക്. ക്യാപ്റ്റന്റെ തീരുമാനം മറ്റു കളിക്കാർ അംഗീകരിക്കുകയാണു വേണ്ടത്. എന്നാൽ മുംബൈ താരങ്ങൾ ഹാർദിക്കിനെ അംഗീകരിക്കുന്നില്ല. ഗ്രൗണ്ടിൽ അവര്‍ ഒറ്റക്കെട്ടായല്ല കളിക്കുന്നത്. ടീമിനകത്ത് ഗ്രൂപ്പിസം ഉണ്ടാകുന്നുണ്ട്.’’– ഇർഫാൻ പഠാന്‍ പ്രതികരിച്ചു.