റിസ്കെടുക്കാനില്ല, രോഹിത് ശർമ ഇനിയുള്ള മത്സരങ്ങൾ കളിക്കില്ല? മുംബൈ ഇന്ത്യൻസിന് അടുത്ത തിരിച്ചടി
Mail This Article
മുംബൈ∙ പരുക്കേറ്റ രോഹിത് ശർമ ഇനിയുള്ള ഐപിഎൽ മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനായി കളിക്കില്ലെന്നു വിവരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് ആയി കളിക്കാനിറങ്ങിയ രോഹിത് ശർമയ്ക്കു പുറംവേദന അനുഭവപ്പെട്ടിരുന്നു. ട്വന്റി20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രോഹിത് ശർമ ഇനിയുള്ള ഐപിഎൽ മത്സരങ്ങളിൽ കളിക്കാൻ സാധ്യതയില്ല. കളിച്ചാലും ഇംപാക്ട് പ്ലേയറായി മാത്രം ബാറ്റിങ്ങിന് ഇറങ്ങിയേക്കും.
കൊൽക്കത്തയ്ക്കെതിരെ 12 പന്തുകൾ നേരിട്ട രോഹിത് 11 റൺസെടുത്തു പുറത്തായിരുന്നു. സുനിൽ നരെയ്ന്റെ പന്തില്‍ മനീഷ് പാണ്ഡെ ക്യാച്ചെടുത്താണ് രോഹിത്തിനെ മടക്കിയത്. ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമയുടെ കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങുക. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റൻ. കൊൽക്കത്തയോടും തോറ്റതോടെ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാണ് മുംബൈ ഇന്ത്യൻസ്. 11 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രം ജയിച്ച മുംബൈ ആറു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.
സൺറൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകൾക്കെതിരെയാണ് ഇനി കളിയുള്ളത്. ഇതെല്ലാം ജയിച്ചാലും മുംബൈയ്ക്ക് പരമാവധി 12 പോയിന്റാണു നേടാൻ സാധിക്കുക. ഈ സീസണിലെ സാധ്യതകൾ അവസാനിച്ചതിനാൽ രോഹിത്തിനെ ഇനി മുംബൈ ഇന്ത്യൻസ് കളിപ്പിക്കാൻ സാധ്യതയില്ല. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസിന് ഇപ്പോള്‍ തന്നെ 16 പോയിന്റുണ്ട്.
നാലു മത്സരങ്ങൾ ബാക്കിയുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (14), ലക്നൗ സൂപ്പർ ജയന്റ്സ്(12), സൺറൈസേഴ്സ് (12) ടീമുകളും പോയിന്റ് നിലയിൽ ബഹുദൂരം മുന്നിലാണ്. ആദ്യം ബാറ്റു ചെയ്ത് 169 റൺസ് മാത്രം നേടാനായ കൊൽക്കത്ത മുംബൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ 145 റൺസിൽ ഓൾഔട്ടാക്കിയാണ് വിജയം പിടിച്ചെടുത്തത്. സ്കോർ: കൊൽക്കത്ത– 19.5 ഓവറിൽ 169. മുംബൈ– 18.5 ഓവറിൽ 145.