ആശിച്ച തുടക്കം! ഇന്ത്യൻ ജഴ്സിയിലെ അരങ്ങേറ്റത്തിൽ രണ്ടു വിക്കറ്റുമായി മലയാളി താരം, 56 റൺസ് വിജയം
Mail This Article
സിൽഹത് (ബംഗ്ലദേശ്) ∙ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികവുതെളിയിച്ച മലയാളി താരം ആശ ശോഭനയുടെ ബലത്തിൽ ബംഗ്ലദേശ് വനിതകൾക്കെതിരായ 4–ാം ട്വന്റി20യിൽ, ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയ്ക്ക് 56 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5.5 ഓവറിൽ 2ന് 48 എന്ന സ്കോറിൽ നിൽക്കുമ്പോൾ മഴ കളി തടസ്സപ്പെടുത്തി.
ഇതോടെ 14 ഓവറായി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 122 റൺസ് നേടി. 26 പന്തിൽ 39 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 14 ഓവറിൽ 125 ആയി നിശ്ചയിച്ചു.
എന്നാൽ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് നേടാനേ ബംഗ്ലദേശിനു സാധിച്ചുള്ളൂ. 3 ഓവറിൽ 18 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ആശയുടെ പ്രകടനമാണ് ബംഗ്ലദേശ് ബാറ്റിങ്ങിന്റെ താളം തെറ്റിച്ചത്. ആശയ്ക്കു പുറമേ, ദീപ്തി ശർമയും 2 വിക്കറ്റ് നേടി. 5 മത്സര പരമ്പരയിൽ ഇന്ത്യ 4–0ന് മുന്നിലാണ്.