പരിശീലനത്തിനിടെ ആകാശത്തൊരു ലോകകപ്പ് ജഴ്സി, വിഡിയോയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം
Mail This Article
മുംബൈ∙ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സി പുറത്തിറക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് വഴിയാണ് പുതിയ ജഴ്സി അവതരിപ്പിച്ചത്. നീലയും ഓറഞ്ചും നിറമുള്ളതാണ് പുതിയ ജഴ്സി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സഹതാരങ്ങളും പരിശീലനം നടത്തുന്നതിനിടെ ഹെലികോപ്റ്ററിൽ ജഴ്സി ഗ്രൗണ്ടിൽ എത്തുന്നതായാണ് കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചു തയാറാക്കിയ വിഡിയോയിൽ ഉള്ളത്.
ജഴ്സി ധരിച്ചുള്ള ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല. രോഹിത് ശർമ നയിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഹാർദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പറായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ലോകകപ്പ് കളിക്കും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സഞ്ജുവിന് ലോകകപ്പ് ടീമിലേക്കുള്ള വഴി തുറന്നത്. ഡൽഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്തും ലോകകപ്പ് ടീമിലുണ്ട്.
യുഎസിലും വെസ്റ്റിൻഡീസിലുമായാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് നടക്കുന്നത്. ജൂൺ രണ്ടിന് യുഎസും കാനഡയും തമ്മിലാണ് ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ജൂൺ ഒൻപതിന് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ യുഎസിനെതിരെയും കാനഡയ്ക്കെതിരെയും ഇന്ത്യയ്ക്കു മത്സരങ്ങളുണ്ട്.
ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.