സെൽഫിയെടുക്കാൻ ശ്രമം, ആരാധകന്റെ കഴുത്തിനു പിടിച്ച് അടിക്കാനോങ്ങി ഷാക്കിബ്- വിഡിയോ
Mail This Article
ധാക്ക∙ സെൽഫിയെടുക്കാനെത്തിയ ആരാധകന്റെ കഴുത്തിനു പിടിച്ച് അടിക്കാനോങ്ങി ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഷാക്കിബിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെയാണു സംഭവം. ധാക്ക ലീഗിൽ ജമാൽ ധൻമോണ്ടി ക്ലബ്ബിന്റെ താരമാണ് ഷാക്കിബ് അൽ ഹസൻ. ഒരു മത്സരത്തിനു മുൻപ് ടോസ് ഇടാനെത്തിയപ്പോഴായിരുന്നു സംഭവം.
ഗ്രൗണ്ടിൽ സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്ന ഷാക്കിബ് അൽ ഹസനു സമീപത്തേക്ക് സെൽഫിയെടുക്കാനായി യുവാവ് എത്തുകയായിരുന്നു. മൊബൈലിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ ഷാക്കിബ് ഇതു തടഞ്ഞു. വീണ്ടും സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോൾ, യുവാവിന്റെ കഴുത്തിൽ പിടിച്ച ഷാക്കിബ് അടിക്കാൻ ഓങ്ങുകയായിരുന്നു. തുടർന്ന് യുവാവിനോട് ഗ്രൗണ്ട് വിട്ടുപോകാനും ഷാക്കിബ് ആവശ്യപ്പെട്ടു.
മുൻപും ആരാധകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ വിവാദത്തിലായ താരമാണ് ഷാക്കിബ് അൽ ഹസൻ. ഒരു സ്വകാര്യ പരിപാടിക്കു ശേഷം വാഹനത്തിൽ കയറുന്നതിനിടെ ദേഹത്തു തൊട്ട ആരാധകനെ ഷാക്കിബ് തല്ലിയിരുന്നു. ഏകദിന ലോകകപ്പിനു മുൻപ് ബംഗ്ലദേശ് ട്വന്റി20 ടീമിലേക്കു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ഷാക്കിബ് ഇപ്പോൾ.
സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ടീമിൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഷാക്കിബ് അൽ ഹസനെയും ഉള്‍പ്പെടുത്തിയിരുന്നു. പത്ത് മാസത്തിനു ശേഷമാണ് സ്പിൻ ബോളിങ് ഓൾ റൗണ്ടറായ ഷാക്കിബ് ടീമിലേക്കു മടങ്ങിയെത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാണ് താരം ഒടുവിൽ കളിച്ചത്. 37 വയസ്സുകാരനായ താരം ബംഗ്ലദേശിനായി ഇതുവരെ 117 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.