തിളങ്ങാതെ മുൻനിര വീണു, ഗുജറാത്തിനോട് മുട്ടിനിൽക്കാനാകാതെ ചെന്നൈ; ടൈറ്റൻസിന് 35 റൺസ് വിജയം
Mail This Article
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 35 റൺസ് വിജയം. ഗുജറാത്ത് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സ്. അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് (34 പന്തിൽ 63) ചെന്നൈയുടെ ടോപ് സ്കോറർ. മൊയീൻ അലി 36 പന്തിൽ 56 റൺസെടുത്തു പുറത്തായി. മുൻനിര താരങ്ങളെ തുടക്കത്തിൽ തന്നെ നഷ്ടമായതാണ് ചെന്നൈ സൂപ്പർ കിങ്സിനു തിരിച്ചടിയായത്.
ഓപ്പണർമാരായ അജിൻക്യ രഹാനെ (ഒന്ന്), രചിന്‍ രവീന്ദ്ര (ഒന്ന്), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് (പൂജ്യം) എന്നിവർക്കു തിളങ്ങാൻ സാധിച്ചില്ല. പവർപ്ലേയിൽ മൂന്നു വിക്കറ്റ് നഷ്ടമായ ചെന്നൈയെ ഡാരിൽ മിച്ചലും മൊയീൻ അലിയും ചേർന്നാണു നൂറു കടത്തിയത്. എന്നാൽ ഇരുവരുടേയും പുറത്താകലിനു ശേഷം വലിയൊരു ഇന്നിങ്സ് കെട്ടിപ്പടുക്കാൻ പിന്നാലെയെത്തിയ ബാറ്റർമാർക്കു സാധിച്ചില്ല. ശിവം ദുബെ (13 പന്തിൽ 21), രവീന്ദ്ര ജഡേജ (10 പന്തിൽ 18), എം.എസ്. ധോണി (11 പന്തിൽ 26) എന്നിവരാണ് ചെന്നൈയുടെ മറ്റു പ്രധാന സ്കോറർമാർ. ഗുജറാത്തിനായി മോഹിത് ശർമ മൂന്നും റാഷിദ് ഖാന്‍ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
12 മത്സരങ്ങൾ പൂർത്തിയാക്കിയ ഗുജറാത്തിന്റെ അഞ്ചാം വിജയമാണിത്. ജയത്തോടെ പത്ത് പോയിന്റുമായി ഗുജറാത്ത് എട്ടാം സ്ഥാനത്തേക്കു കയറി. ആറാം തോൽവി വഴങ്ങിയെങ്കിലും ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. ഇരു ടീമുകൾക്കും ഇനി രണ്ടു മത്സരങ്ങൾ വീതം ബാക്കിയുണ്ട്.
ഗില്ലിനും സായ് സുദർശനും സെഞ്ചറി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണു നേടിയത്. ശുഭ്മൻ ഗിൽ 55 പന്തിൽ 104 റൺസും സായ് സുദർശൻ 51 പന്തിൽ 103 റൺസുമെടുത്തു പുറത്തായി. ഗിൽ ആറു സിക്സും ഒൻപതു ഫോറുകളും ബൗണ്ടറി കടത്തിയപ്പോൾ, സായ് ഏഴു സിക്സും അഞ്ച് ഫോറുകളും നേടി. മികച്ച തുടക്കമാണ് ഇരു താരങ്ങളും ചേർന്നു ഗുജറാത്തിനു നല്‍കിയത്. പവർപ്ലേയിൽ ഗുജറാത്ത് അടിച്ചെടുത്തത് 58 റൺസ്. സായ് സുദർശൻ 32 പന്തുകളിലും ഗിൽ 25 പന്തുകളിലും അർധ സെഞ്ചറി പിന്നിട്ടു. 50 പന്തുകളിലാണ് ഇരുവരും 100 തൊട്ടത്. 16.2 (98 പന്തുകൾ) ഓവറുകളില്‍ സ്കോർ 200 കടന്നു.
18–ാം ഓവറിലെ രണ്ടാം പന്തിൽ സായ് സുദര്‍ശനെയും ആറാം പന്തിൽ ഗില്ലിനെയും പുറത്താക്കിയത് തുഷാർ ദേശ്പാണ്ഡെയാണ്. 11 പന്തുകൾ നേരിട്ട ഡേവിഡ് മില്ലർ 16 റൺസെടുത്തു പുറത്താകാതെനിന്നു. ഷാറുഖ് ഖാൻ (രണ്ട്) റൺഔട്ടായി. നാല് ഓവറുകൾ പന്തെറിഞ്ഞ ചെന്നൈ ബോളർ സിമർജിത് സിങ് 60 റൺസാണു മത്സരത്തിൽ വഴങ്ങിയത്.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിങ് ഇലവൻ– സായ് സുദർശൻ, ശുഭ്മൻ ഗിൽ, മാത്യു വെയ്ഡ്, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, നൂർ അഹമ്മദ്, ഉമേഷ് യാദവ്, മോഹിത് ശർമ, കാർത്തിക്ക് ത്യാഗി.
ചെന്നൈ സൂപ്പർ കിങ്സ്– ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ശിവം ദുബെ, മൊയീൻ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി, മിച്ചൽ സാന്റ്നർ, ഷാർദൂൽ ഠാക്കൂർ, തുഷാർ ദേശ്പാണ്ഡെ, സിമർജീത് സിങ്.