സഞ്ജുവിനെ ചൊറിഞ്ഞു, തടിയൂരി ജിൻഡാൽ; ധോണിയെ നീക്കിയ ഗോയങ്ക രാഹുലിനെ തെറിപ്പിക്കുമോ?
Mail This Article
ഇന്ത്യൻ പ്രീമിയർ ലീഗ് സീസണുകളിൽ താരങ്ങൾക്കൊപ്പം തന്നെ ആരാധക ഹൃദയങ്ങളിൽ ഇടം നേടുന്നവരാണ് വിവിധ ഫ്രാഞ്ചൈസികളുടെ ഉടമകള്‍. എല്ലാ സീസണിലും ആരാധകരുടെ പ്രിയപ്പെട്ട താരമാകുന്ന ആളാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരൻ. ഈ സീസണിലും സൺറൈസേഴ്സിന്റെ മത്സരങ്ങൾ കാണാൻ, എല്ലാ തിരക്കുകളും മാറ്റിവച്ച് കാവ്യ ഗാലറിയിലെത്തുന്നുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയും സൂപ്പർസ്റ്റാറുമായ ഷാറുഖ് ഖാൻ, പഞ്ചാബ് കിങ്സിന്റെ ടീം ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ എന്നിവരും ക്രിക്കറ്റ് ആരാധകർക്കു പ്രിയപ്പെട്ടവരാണ്.
മത്സരത്തിനു മുൻപും ശേഷവും ടീം ഉടമകളുടെ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ആരാധകർ വൈറലാക്കാറുണ്ട്. എന്നാൽ 2024 സീസണിൽ ഗാലറിയിലെയും ഗ്രൗണ്ടിലെയും ‘ഷോ’യുടെ പേരിൽ പുലിവാലു പിടിച്ച രണ്ട് ടീം ഉടമകളുണ്ട്. ഇവർക്കെതിരെ രൂക്ഷവിമർശനമാണ് ആരാധകർ ഉയർത്തുന്നത്. ഡൽഹി ക്യാപിറ്റൽസ് ടീം ഉടമ പാർഥ് ജിൻഡാലും, ലക്നൗ സൂപ്പർ ജയന്റ്സിന്റെ സഞ്ജീവ് ഗോയങ്കയുമാണ് ഐപിഎല്ലിലെ പെരുമാറ്റത്തിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങുന്നത്. സഞ്ജീവ് ഗോയങ്കയ്ക്കെതിരെ തിരിഞ്ഞത് സ്വന്തം ടീമിന്റെ ആരാധകർ തന്നെയാണ് എന്നത് മറ്റൊരു പ്രത്യേകത.
സഞ്ജുവിനെ ചൊറിഞ്ഞു, അഭിനന്ദിച്ച് തടിയൂരി
ഗാലറിയിലെ പോസിറ്റീവ് പ്രകടനങ്ങളുമായി കാവ്യ മാരനും പ്രീതി സിന്റയും ഷാറുഖ് ഖാനും മാത്രമായി കളം നിറഞ്ഞ സീസണിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു പാർഥ് ജിൻഡാലിന്റെ കടന്നുവരവ്. രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് പാർഥ് ജിൻഡാലിന്റെ ഇമേജ് തന്നെ മാറ്റിമറിച്ചത്. ഇപ്പോഴും തർക്കം തുടരുന്ന സഞ്ജു സാംസണിന്റെ പുറത്താകലാണ് ഇവിടെ വിഷയമായത്. ഡല്‍ഹിക്കെതിരെ സിക്സർ അടിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനിൽവച്ച് ഷായ് ഹോപ് പന്തു പിടിച്ചെടുത്തു. തേർഡ് അംപയർ സഞ്ജു ഔട്ട് ആണെന്നു വിധിച്ചെങ്കിലും മലയാളി താരം ഗ്രൗണ്ട് വിടാൻ കൂട്ടാക്കിയില്ല.
ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കണമെന്നായിരുന്നു സഞ്ജുവിന്റെ ആവശ്യം. ഇത് അംഗീകരിക്കില്ലെന്ന് അംപയർമാരും നിലപാടെടുത്തു. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോൾ ഗാലറിയിൽ സഞ്ജുവിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്നു പാർഥ് ജിൻഡാൽ. സഞ്ജു ഗ്രൗണ്ട് വിടാതിരുന്നതോടെ ‘‘സഞ്ജു ഔട്ട്, സഞ്ജു ഔട്ട്’’ എന്ന് പാർഥ് ജിൻഡാൽ ആക്രോശിച്ചു. വിവാദമായ ഔട്ടിനൊപ്പം ഡൽഹി ഉടമയുടെ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നു. വിമർശനം രൂക്ഷമായതോടെ പാർഥ് ജിൻഡാലിന് സഞ്ജുവുമായി സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തുവിടേണ്ടിവന്നു. സഞ്ജു ശരിക്കും വെല്ലുവിളിയായിരുന്നെന്നും വിക്കറ്റ് വീണപ്പോൾ അതുകൊണ്ടാണ് ആഘോഷിച്ചതെന്നും പാർഥ് ജിൻഡാല്‍ പിന്നീടു വിശദീകരിച്ചു.
ട്വന്റി20 ലോകകപ്പ് ടീമിലേക്കു സിലക്ഷൻ ലഭിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന് എല്ലാ അഭിനന്ദനവും അറിയിച്ചതായും ഡൽഹി ക്യാപിറ്റൽസ് പിന്നീടു പ്രതികരിച്ചു. കൈവിട്ട പ്രകടനങ്ങളുടെ പേരിൽ പാർഥ് ജിൻഡാൽ മുൻപും വിവാദത്തിൽ പെട്ടിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയുടെ ഉടമ കൂടിയാണ് ജിൻഡാൽ. ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് 2023 സീസണിൽ മത്സരം ബഹിഷ്കരിച്ചപ്പോൾ, എക്സ് പ്ലാറ്റ്ഫോമിൽ പാർഥ് ജിൻഡാൽ നടത്തിയ പ്രതികരണങ്ങൾ വൻ വിവാദമായിരുന്നു.
രാഹുലിനെ പരസ്യമായി അപമാനിച്ചു, കുരുക്കിലായി ലക്നൗ ഉടമ
ഐപിഎൽ സീസൺ അവസാന ഘട്ടത്തിലെത്തിയതോടെ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ലക്നൗ സൂപ്പർ ജയന്റ്സ്. അപ്രതീക്ഷിതമായി സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് വൻ തോൽവി വഴങ്ങിയതാണ് ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലിന് വിനയായത്. കഴിഞ്ഞ ദിവസം പത്ത് വിക്കറ്റിന്റെ തോൽവി ലക്നൗ ഏറ്റുവാങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിലേക്ക് ഇറങ്ങി. ടീം ക്യാപ്റ്റനായ കെ.എൽ. രാഹുലിനോട് ഏറെ നേരം രോഷത്തോടെയാണ് ഗോയങ്ക സംസാരിച്ചത്.
ഇരുവരും എന്താണ് ചർച്ച ചെയ്തതെന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല. പക്ഷേ തോൽവിയുടെ രോഷവും നിരാശയും സഞ്ജീവ് ഗോയങ്കയുടെ മുഖത്തുണ്ടായിരുന്നു. പ്രതിരോധിക്കാന്‍ ഒന്നും പറയാനില്ലാതിരുന്ന കെ.എൽ. രാഹുൽ, ഗോയങ്ക പറഞ്ഞതെല്ലാം നിന്നുകേട്ടു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ, ലക്നൗ ആരാധകർ തന്നെ ഗോയങ്കയ്ക്കെതിരെ തിരിഞ്ഞു. സ്വന്തം ടീമിന്റെ ക്യാപ്റ്റനെ ഗ്രൗണ്ടിൽവച്ച് ഗോയങ്ക നാണം കെടുത്തിയതായി വിമർശനമുയർന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഗോയങ്കയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. ഡ്രസിങ് റൂമിലോ, ഹോട്ടലിലോ പറയാവുന്ന കാര്യങ്ങൾ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിലേക്ക് വലിച്ചിഴച്ചതായി ഷമി ആരോപിച്ചു. സംഭവം വൻ വിവാദമായെങ്കിലും വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ സഞ്ജീവ് ഗോയങ്കയും കെ.എൽ. രാഹുലും നടത്തിയിട്ടില്ല.
മോശം കളിയുടെ പേരില്‍ ധോണിയെ പുറത്താക്കിയ ഗോയങ്ക
2017 സീസണിൽ ഐപിഎല്ലില്‍ കളിച്ചിരുന്ന റൈസിങ് പുണെ സൂപ്പർ ജയന്റ് ടീമിന്റെ ഉടമയായിരുന്നു സഞ്ജീവ് ഗോയങ്ക. അന്ന് ടീമിന്റെ പ്രകടനം മോശമെന്നു പറഞ്ഞു ക്യാപ്റ്റൻ എം.എസ്. ധോണിയെ നീക്കാനുള്ള ‘സാഹസം’ കാണിച്ച ആളാണ് ഗോയങ്ക. ധോണിക്കു പകരം ഓസ്ട്രേലിയ താരം സ്റ്റീവ് സ്മിത്തിനാണ് പുണെ ക്യാപ്റ്റന്റെ റോൾ നൽകിയത്. ധോണിയെ നീക്കിയതിനു വിമർശനം കേട്ടെങ്കിലും ആളുകൾക്ക് ഇഷ്ടപ്പെടുന്ന തീരുമാനങ്ങൾ എപ്പോഴും എടുക്കാൻ സാധിക്കില്ലെന്നായിരുന്നു ഗോയങ്കയുടെ പ്രതികരണം. 2024 സീസണിനു ശേഷം കെ.എൽ. രാഹുലിനെ ലക്നൗ പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകൾ വന്നുകഴിഞ്ഞു. സീസണിൽ ബാക്കിയുള്ള കളികൾക്ക് ലക്നൗ പുതിയ ക്യാപ്റ്റനെ പരീക്ഷിച്ചാലും അദ്ഭുതമില്ല.