പഞ്ചാബ് ബാറ്റർ പുറത്തായപ്പോള്‍ ആഘോഷം ‘കടമെടുത്ത്’ വിരാട് കോലിയുടെ പരിഹാസം
Mail This Article
ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർസിബിക്കെതിരായ പോരാട്ടത്തിൽ പഞ്ചാബ് കിങ്സ് താരം റിലീ റൂസ്സോ പുറത്തായപ്പോൾ പരിഹസിച്ച് ബെംഗളൂരു സൂപ്പർ താരം വിരാട് കോലി. പഞ്ചാബിന്റെ ടോപ് ഓർഡർ ബാറ്ററായ റിലീ റൂസ്സോ മത്സരത്തിൽ അർധ സെഞ്ചറി തികച്ചിരുന്നു. 27 പന്തുകളിൽ 61 റൺസായിരുന്നു താരം നേടിയത്. ബാറ്റിങ്ങിൽ നേട്ടം കൊയ്യുമ്പോള്‍ ബാറ്റു തോക്കുപോലെ കയ്യിൽ പിടിച്ച് റൂസ്സോ നടത്തുന്ന ആഘോഷ പ്രകടനം ആരാധകർക്കും പ്രിയപ്പെട്ടതാണ്. ആര്‍സിബിക്കെതിരെ റൂസ്സോ പുറത്തായപ്പോൾ ഈ ആഘോഷം അനുകരിച്ചായിരുന്നു കോലിയുടെ പരിഹാസം.
മത്സരത്തിൽ മൂന്നു സിക്സുകളും ഒൻപതു ഫോറുകളും റിലീ റൂസ്സോ ബൗണ്ടറി കടത്തിയിരുന്നു. സ്പിന്നർ കരൺ ശർമയുടെ പന്തിൽ വിൽ ജാക്സ് ക്യാച്ചെടുത്താണ് ദക്ഷിണാഫ്രിക്കൻ ബാറ്ററെ പുറത്താക്കിയത്. പഞ്ചാബിന്റെ ടോപ് സ്കോററായ റൂസ്സോയുടെ വിക്കറ്റ് വീഴ്ത്തിയതു മത്സരത്തിൽ നിര്‍ണായകമായിരുന്നു. ബെംഗളൂരു ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 181 റണ്‍സിനു പുറത്തായിരുന്നു.
മത്സരശേഷം വിരാട് കോലിയും റിലീ റൂസ്സോയും സൗഹൃദ സംഭാഷണം നടത്തി, കൈകൊടുത്തു പിരിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ബാറ്റിങ്ങിൽ ബെംഗളൂരുവിനെ മുന്നിൽനിന്നു നയിച്ച വിരാട് കോലിയാണു കളിയിലെ താരം. 47 പന്തുകൾ നേരിട്ട കോലി 92 റൺസെടുത്തു പുറത്തായിരുന്നു. മത്സരത്തിൽ കോലിയുടെ ഫീൽഡിങ്ങും ഏറെ പ്രശംസ നേടി.
60 റൺസ് വിജയമാണ് മത്സരത്തിൽ ആര്‍സിബി നേടിയത്. വമ്പൻ വിജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബെംഗളൂരു ഉള്ളത്. ഇനിയുള്ള രണ്ടു കളികളും ജയിച്ചാലും മറ്റു ടീമുകളുടെ ഫലം കൂടി അടിസ്ഥാനമാക്കിയായിരിക്കും ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾ. 12ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത പോരാട്ടം. 18ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയും മത്സരമുണ്ട്.