ADVERTISEMENT

ചെന്നൈ∙ ആധികാരിക വിജയങ്ങളുമായി ഈ സീസണിൽ നടത്തിയ തകർപ്പൻ മുന്നേറ്റത്തിന്റെ തിളക്കം കെടുത്തി രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം തോൽവിയിലേക്ക് കൂപ്പുകുത്തിയെങ്കിലും, അവരുടെ നായകൻ സഞ്ജു സാംസൺ മറ്റൊരു അതുല്യ നേട്ടത്തിന്റെ തിളക്കത്തിൽ. ഐപിഎലിലെ മിന്നും താരങ്ങളുടെ പട്ടികയിൽ മുൻപേ തന്നെ ഇടംപിടിച്ച താരമാണെങ്കിലും, കളിക്കണക്കുകളിൽ സഞ്ജുവിന്റെ ഏറ്റവും മികച്ച സീസണാണ് ഇത്. ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ 19 പന്തിൽ 15 റൺസ് നേടിയതോടെ, സഞ്ജു ഏറ്റവുമധികം റൺസ് വാരിക്കൂട്ടുന്ന സീസണായി ഇത്.

ഇതുവരെ 12 മത്സരങ്ങൾ പൂർത്തിയാക്കിയ സഞ്ജു, 60.75 ശരാശരിയിൽ അടിച്ചുകൂട്ടിയത് 486 റൺസാണ്. 2021 ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽനിന്ന് 484 റൺസ് നേടിയതായിരുന്നു ഇതിനു മുൻപ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. ആ റെക്കോർഡാണ് ഈ വർഷത്തെ തകർപ്പൻ പ്രകടനത്തിൽ തകർന്നുവീണത്. ഈ സീസണിൽ ലീഗ് ഘട്ടത്തിൽത്തന്നെ രണ്ടു മത്സരങ്ങൾ കൂടി ശേഷിക്കുന്നതിനാൽ, ഒരു സീസണിൽ 500 റൺസ് എന്ന നേട്ടവും സഞ്ജു സ്വന്തമാക്കാനാണ് സാധ്യത.

ഈ വർഷത്തെ ടോപ് സ്കോറർമാരിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് സഞ്ജു. 13 മത്സരങ്ങളിൽനിന്ന് 66.10 ശരാശരിയിൽ 661 റൺസ് നേടിയ വിരാട് കോലിയാണ് ഒന്നാമത്. 13 മത്സരങ്ങളിൽനിന്ന് 583 റൺസുമായി ചെന്നൈ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ്, 11 മത്സരങ്ങളിൽനിന്ന് 53.30 ശരാശരിയിൽ 533 റണ്‍സുമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ്, 12 മത്സരങ്ങളിൽനിന്ന് 47.91 ശരാശരിയിൽ 527 റൺസുമായി ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ എന്നിവരാണ് സഞ്ജുവിനു മുന്നിലുള്ളത്.

ഈ വർഷം ഇതുവരെ അഞ്ച് അർധസെഞ്ചറികളാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഇക്കാര്യത്തിൽ സാക്ഷാൽ വിരാട് കോലിക്കൊപ്പം ഒന്നാമതാണ് സഞ്ജു. 86 റൺസാണ് സഞ്ജുവിന്റെ ഉയർന്ന സ്കോർ. ആദ്യത്തെ അഞ്ച് താരങ്ങളിൽ ട്രാവിസ് ഹെഡ് കഴിഞ്ഞാൽ ഉയർന്ന സ്ട്രൈക്ക് റേറ്റും സഞ്ജുവിന്റെ പേരിലാണ്; 158.30. ഹെഡിന്റെ സ്ട്രൈക്ക് റേറ്റ് 201.89 ആണ്.

ഈ സീസണിലെ മികച്ച പ്രകടനം ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജുവിന് ഇടം നേടിക്കൊടുത്തിരുന്നു. രോഹിത് ശർമ നയിക്കുന്ന ടീമിന്റെ ആദ്യ ഇലവനിൽ ഇടം നേടുന്നതിനായി ശക്തമായ അവകാശവാദമാണ് ഈ പ്രകടനത്തിലൂടെ സഞ്ജു ഉന്നയിക്കുന്നത്.

English Summary:

Sanju Samson registers best-ever IPL season ahead of T20 World Cup despite quick dismissal in CSK vs RR match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com