ADVERTISEMENT

ന്യൂഡൽഹി∙ നിരവധി പരിശീലകരും താരങ്ങളും വിയോജിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഇംപാക്റ്റ് പ്ലെയർ നിയമത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോച്ചുമായ രവി ശാസ്ത്രി. ഈ ഐപിഎൽ സീസണിലെ ആവേശകരമായ പല മത്സരങ്ങൾക്കും കാരണം ഇംപാക്റ്റ് പ്ലെയർ നിയമമാണെന്ന് രവി ശാസ്ത്രി പറ‍ഞ്ഞു.

‘‘ഇംപാക്ട് പ്ലെയർ നിയമം നല്ലതാണ്. കാലത്തിനനുസരിച്ച് നമ്മൾ പരിണമിക്കേണ്ടതുണ്ട്. മറ്റു കായിക ഇനങ്ങളിലും ഇതു സംഭവിക്കുന്നുണ്ട്. ഈ നിയമം പല മത്സരങ്ങളും പ്രവചനാതീതമാക്കുന്നു. നമ്മൾ കാലത്തിനനുസരിച്ച് മാറണം. ഇത് ഒരു നല്ല നിയമമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ വർഷത്തെ ഐപിഎലിൽ ഫലം പ്രവചിക്കാൻ സാധിക്കാത്ത ഒരുപാട് മത്സരങ്ങൾ കണ്ടു. ഈ നിയമം വലിയ മാറ്റമുണ്ടാക്കി.’’– ശാസ്ത്രി തന്റെ യുട്യൂബ് ചാനലിൽ രവിചന്ദ്രൻ അശ്വിനോട് പറഞ്ഞു.

ഇംപാക്ട് പ്ലെയർ നിയമമനുസരിച്ച്, ടോസ് സമയത്ത് നൽകിയ അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളുടെ പട്ടികയിൽനിന്ന് ഒരാളെ പ്ലെയിങ് ഇലവനിലെ ഒരാൾക്കു പകരമായി കളത്തിലിറക്കാം. ഫലത്തിൽ 12 താരങ്ങൾക്ക് കളിക്കാൻ അവസരം ലഭിക്കും. ‘‘ ഒരു പുതിയ നിയമം വരുമ്പോൾ, അത് ശരിയല്ലെന്ന് സ്ഥാപിക്കാൻ കുറേ ആളുകൾ ശ്രമിക്കും. എന്നാൽ 200, 190 സ്കോറുകൾ കാണുമ്പോൾ, കിട്ടുന്ന അവസരം താരങ്ങൾ മുതലാക്കുന്നതു കാണുമ്പോൾ ഈ ആളുകൾ തന്നെ മാറി ചിന്തിക്കും.’’– രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ, പരിശീലകരുമായും ക്യാപ്റ്റൻമാരുമായും സംസാരിച്ചതിന് ശേഷം ഐപിഎലിൽ ഇംപാക്ട് പ്ലെയർ നിയമം തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഈ വർഷത്തെ ഐപിഎൽ സീസണിന്റെ തുടക്കത്തിൽ, ഇംപാക്റ്റ് പ്ലെയർ നിയമം സംബന്ധിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. ഈ നിയമം ഭരണം സ്ഥിരമല്ലെന്ന് ബിസിസിഐ സെക്രട്ടറി അന്നു വ്യക്തമാക്കിയിരുന്നു.

‘‘ഇംപാക്ട് പ്ലെയർ ഒരു ടെസ്റ്റ് കേസ് പോലെയാണ്. ഞങ്ങൾ അത് സാവധാനത്തിൽ നടപ്പിലാക്കി. രണ്ടു ടീമുകളിലുമായും രണ്ട് ഇന്ത്യൻ കളിക്കാർക്ക് അവസരം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. അതു വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങൾ കളിക്കാരുമായും ഫ്രാഞ്ചൈസികളുമായും കൂടിയാലോചിക്കും. ഈ നിയമം സ്ഥിരമല്ല. എന്നാൽ മാറ്റുമെന്നും ഞാൻ പറയുന്നില്ല.’’– ജയ് ഷാ മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഐപിഎൽ 2024ലെ വമ്പൻ സ്‌കോറുകളുടെ പ്രധാന കാരണങ്ങളിലൊന്ന് ഇംപാക്റ്റ് പ്ലെയർ നിയമമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ ഈ നിയമത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഓൾറൗണ്ടർമാരുടെ ഉൾപ്പെടെ പ്രാധാന്യം കുറയുമെന്നാണ് രോഹിത് ഇതു സംബന്ധിച്ച് പറഞ്ഞത്. ഡൽഹി ക്യാപ്റ്റിൽസ് കോച്ച് റിക്കി പോണ്ടിങ്, കൊൽക്കത്ത താരം മിച്ചൽ സ്റ്റാർക് തുടങ്ങിയവരും ഇംപാക്ട് പ്ലെയർ നിയമനത്തെ വിമർശിച്ചിരുന്നു.
 

English Summary:

'You have to evolve with time...': Ravi Shastri backs Impact Player rule in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com