സ്വന്തം സ്കോറല്ലാതെ ഐപിഎല്ലിൽ മറ്റൊന്നും നേടാത്ത ഡിവില്ലിയേഴ്സ്: പാണ്ഡ്യയെ തൊട്ടതിന് മറുപടി
Mail This Article
മുംബൈ∙ ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച എബി ഡിവില്ലിയേഴ്സ്, കെവിൻ പീറ്റേഴ്സൻ എന്നിവർക്കു മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റര്‍ ഗൗതം ഗംഭീർ. പാണ്ഡ്യ ഐപിഎൽ കിരീടം നേടിയിട്ടുള്ള ക്യാപ്റ്റനാണെന്നു ഗൗതം ഗംഭീർ വ്യക്തമാക്കി. ‘‘അവരൊക്കെ ക്യാപ്റ്റനായിരിക്കുമ്പോൾ നടത്തിയ പ്രകടനങ്ങൾ എന്തൊക്കെയാണ്? ഡിവില്ലിയേഴ്സിനും കെവിൻ പീറ്റേഴ്സനും ക്യാപ്റ്റനായിരിക്കെ എടുത്തു പറയേണ്ട പ്രകടനങ്ങൾ ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല.’’– ഗൗതം ഗംഭീർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ഇവരുടെയൊക്കെ റെക്കോർഡുകൾ പരിശോധിച്ചാൽ, മറ്റേതു ക്യാപ്റ്റൻമാരെക്കാളും മോശമാണെന്നു പറയേണ്ടിവരും. ഐപിഎല്ലിൽ സ്വന്തം സ്കോറുകളല്ലാതെ മറ്റൊന്നും ഡിവില്ലിയേഴ്സ് നേടിയിട്ടില്ല. ടീമിന്റെ ഭാഗത്തുനിന്നു നോക്കിയാൽ ഡിവില്ലിയേഴ്സ് ഒന്നും സ്വന്തമാക്കിയിട്ടില്ല. പാണ്ഡ്യ അപ്പോഴും ഐപിഎൽ വിജയിച്ച ചരിത്രമുള്ള ക്യാപ്റ്റനാണ്.’’– ഗൗതം ഗംഭീർ വ്യക്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ക്യാപ്റ്റനായി കളിച്ചിട്ടുണ്ടെങ്കിലും ആർസിബിയെ കിരീടത്തിലെത്തിക്കാൻ ഡിവില്ലിയേഴ്സിനു സാധിച്ചിരുന്നില്ല.
2024 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ഹാർദിക് പാണ്ഡ്യയ്ക്കു പ്രതീക്ഷിച്ച ഫലമല്ല ലഭിച്ചത്. 13 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ ഇന്ത്യൻസ് ജയിച്ചത് നാലു കളികൾ മാത്രം. ഒൻപതു മത്സരങ്ങൾ തോറ്റ മുംബൈ ഒൻപതാം സ്ഥാനത്താണ്. പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും, പാണ്ഡ്യ അടുത്ത സീസണിലും മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായിത്തന്നെ കളിക്കാനാണു സാധ്യത. മുംബൈ ടീമിലെ സീനിയർ താരങ്ങളായ രോഹിത് ശർമ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ തൃപ്തരല്ലെന്നും വിവരമുണ്ട്.