ലോകകപ്പിനു ശേഷം പുതിയ കോച്ച്; വിദേശിയെ തേടി ബിസിസിഐ, ഓസീസ് ഇതിഹാസ താരവും പട്ടികയിൽ
Mail This Article
മുംബൈ∙ രാഹുൽ ദ്രാവിഡിനു പകരം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്ങും ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങുമാണ് ബിസിസിഐ പരിഗണിക്കുന്ന പ്രധാന പേരുകളെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. ഇരുവര്‍ക്ക് ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ചും യുവതാരങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവാണു ബിസിസിഐയുടെ താൽപര്യത്തിനു കാരണം. എന്നാൽ ഫ്ലെമിങ്ങോ, റിക്കി പോണ്ടിങ്ങോ ഇതുവരെ സമ്മതം മൂളിയിട്ടില്ല. സമ്മർദമേറിയ ജോലി ഏറ്റെടുക്കണോയെന്നാണ് ഇരുവരും ആലോചിക്കുന്നത്.
മൂന്നു വർഷത്തിനു ശേഷമാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നത്. ഏകദിന ലോകകപ്പിനു ശേഷം ലഭിച്ച കരാർ പ്രകാരം ജൂൺ വരെയാണ് ദ്രാവിഡിന് ടീമിനൊപ്പം തുടരാനാകുക. വീണ്ടും പരിശീലകനാകാൻ താൽപര്യമില്ലെന്നാണു ദ്രാവിഡിന്റെ നിലപാട്. പുതിയ പരിശീലകനെ നിയമിക്കുന്നതിന് ബിസിസിഐ കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചിരുന്നു.
ട്വന്റി20 ലോകകപ്പിനു ശേഷം രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയും. ജോൺ റൈറ്റ്, ഗാരി കേഴ്സ്റ്റൻ, ഡങ്കൻ ഫ്ലച്ചർ എന്നിവർ ഇന്ത്യയെ പരിശീലിപ്പിച്ച കാലത്ത് ടീം മികച്ച നേട്ടങ്ങളുണ്ടാക്കിയിരുന്നു. 2011 ൽ ഇന്ത്യ ഏകദിന ലോകകപ്പ് വിജയിക്കുമ്പോൾ ഗാരി കേഴ്സ്റ്റനായിരുന്നു കോച്ച്. 2013ൽ ഇന്ത്യ ഐസിസി ചാംപ്യന്‍സ് ട്രോഫി വിജയിച്ചത് ഡങ്കൻ ഫ്ലച്ചറിന് കീഴിലാണ്. പിന്നീട് അനിൽ കുംബ്ലെയും രവി ശാസ്ത്രിയും ദ്രാവിഡും ടീമിനെ പരിശീലിപ്പിച്ചെങ്കിലും വീണ്ടും വിദേശ കോച്ചുമാരെയാണ് ഇന്ത്യ അന്വേഷിക്കുന്നത്.
ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെങ്കിലും രാഹുൽ ദ്രാവിഡ് തുടരണമെന്നാണ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ ആഗ്രഹം. ഇതിനോടും രാഹുൽ ദ്രാവിഡ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ദ്രാവിഡിന്റെ വാദം. മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണാണ് പരിശീലക സ്ഥാനത്തേക്കു പരിഗണിക്കാവുന്ന മറ്റൊരു താരം. പക്ഷേ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല ലക്ഷ്മണിനാണ്. അതുകൊണ്ടുതന്നെ ലക്ഷ്മണിനെ പരിശീലകനാക്കാൻ ബിസിസിഐയ്ക്കും വലിയ താൽപര്യമില്ല.