രണ്ടാം പകുതിയിൽ രാജസ്ഥാന് എന്താണു സംഭവിക്കുന്നത്? പിടികിട്ടാതെ ക്യാപ്റ്റൻ സഞ്ജു സാംസണ്
Mail This Article
ഗുവാഹത്തി ∙ ആദ്യ 9 മത്സരങ്ങളിൽ 8 ജയവുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം, പിന്നാലെ തുടർച്ചയായ 4 തോൽവികൾ ! ഐപിഎൽ 17–ാം സീസണിന്റെ രണ്ടാം പകുതിയിൽ രാജസ്ഥാൻ റോയൽസിന് എന്താണ് സംഭവിക്കുന്നതെന്ന് ആരാധകർക്കോ ക്യാപ്റ്റൻ സഞ്ജു സാംസണോ പിടികിട്ടുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് പഞ്ചാബ് കിങ്സ്, രാജസ്ഥാനെ പരാജയപ്പെടുത്തിയത്. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 9ന് 144. പഞ്ചാബ് 18.5 ഓവറിൽ 5ന് 145.
ക്യാപ്റ്റൻ കറൻ
145 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് ഒരു ഘട്ടത്തിൽ 4ന് 48 എന്ന നിലയിലായിരുന്നു. പ്രഭ്സിമ്രാൻ സിങ് (6), ജോണി ബെയർസ്റ്റോ (14), റൈലി റൂസോ (22), ശശാങ്ക് സിങ് (0) എന്നീ മുൻനിര ബാറ്റർമാരെ നഷ്ടപ്പെട്ടതോടെ പഞ്ചാബ് തോൽവി ഉറപ്പിച്ചതാണ്. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ക്യാപ്റ്റൻ സാം കറൻ, 41 പന്തിൽ 3 സിക്സും 5 ഫോറും അടക്കം പുറത്താകാതെ 63 റൺസുമായി പഞ്ചാബിനെ വിജയത്തിലെത്തിച്ചു. ജയിച്ചെങ്കിലും പഞ്ചാബ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
പൊരുതി പരാഗ്
ഇംഗ്ലിഷ് താരം ജോസ് ബട്‌ലറുടെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വ്യക്തമായി. ബട്‌ലർ നാട്ടിലേക്കു മടങ്ങിയതോടെ ഓപ്പണറായി അവസരം ലഭിച്ച ഇംഗ്ലിഷ് താരം ടോം കോലർ കാഡ്മോർ (23 പന്തിൽ 18), സഹ ഓപ്പണർ യശസ്വി ജയ്സ്വാൾ (4) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ക്യാപ്റ്റൻ സഞ്ജു സാംസണും (15 പന്തിൽ 18) നിറം മങ്ങിയതോടെ കൂട്ടത്തകർച്ച മണത്ത രാജസ്ഥാനെ മത്സരത്തിലേക്കു തിരികെക്കൊണ്ടുവന്നത് 4–ാം വിക്കറ്റിൽ ഒന്നിച്ച റിയാൻ പരാഗ് (34 പന്തിൽ 48)– ആർ. അശ്വിൻ ( 19 പന്തിൽ 28) കൂട്ടുകെട്ടാണ്. 34 പന്തിൽ 50 റൺസാണ് ഇരുവരും ചേർന്നു നേടിയത്. 34 പന്തിൽ 6 ഫോർ അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്സ്. പഞ്ചാബിനു വേണ്ടി സാം കറൻ, ഹർഷൽ പട്ടേൽ, രാഹുൽ ചാഹർ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.