ADVERTISEMENT

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ എട്ടാം വിജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്. സീസണിലെ അവസാന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ നാലു വിക്കറ്റ് വിജയമാണ് ഹൈദരാബാദ് നേടിയത്. പഞ്ചാബ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ സൺറൈസേഴ്സ് എത്തി. നേരത്തേ പ്ലേഓഫ് ഉറപ്പിച്ച ഹൈദരാബാദിന് ഇതോടെ 17 പോയിന്റായി.

28 പന്തിൽ 66 റൺസെടുത്ത അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ഹെൻറിച് ക്ലാസൻ (26 പന്തിൽ 42), നിതിഷ് കുമാര്‍ റെഡ്ഡി (25 പന്തിൽ 37), രാഹുൽ ത്രിപാഠി (18 പന്തിൽ 33) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിലെ ആദ്യ പന്തിൽ തന്നെ ഹൈദരാബാദിന് ട്രാവിസ് ഹെഡിനെ നഷ്ടമായി. അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ഹെഡ് ബോൾഡാകുകയായിരുന്നു. അഭിഷേക് ശർമയും രാഹുൽ ത്രിപാഠിയും കൈകോർത്തതോടെ ഹൈദരാബാദ് സ്കോർ കുതിച്ചുകയറി. 4 ഓവറുകളിൽ 50 പിന്നിട്ട സൺറൈസേഴ്സ്, പവർപ്ലേയിൽ അടിച്ചത് 84 റൺസ്. 33 റൺസെടുത്ത രാഹുൽ ത്രിപാഠിയെ ഹർഷൽ പട്ടേലിന്റെ പന്തിൽ അര്‍ഷ്ദീപ് സിങ് ക്യാച്ചെടുത്തു പുറത്താക്കി.

സ്കോർ 129 ൽ നിൽക്കെ അഭിഷേക് ശർമയെ ശശാങ്ക് സിങ് മടക്കി. വമ്പൻ അടികളുമായി നിതീഷ് കുമാർ റെഡ്ഡി കളം നിറഞ്ഞെങ്കിലും അധികനേരം ക്രീസിൽ നിലയുറപ്പിച്ചില്ല, 37 റൺസെടുത്ത താരത്തെ പുറത്താക്കി ഹർഷൽ പട്ടേൽ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. ഹൈദരാബാദ് സ്കോർ 200 കടന്നതിനു പിന്നാലെ ക്ലാസൻ, ഹർപ്രീത് ബ്രാറിന്റെ പന്തിൽ ബോൾഡായി. അവസാന ഓവറിൽ ഹൈദരാബാദിന് നാലു റൺസ് മാത്രമായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. അഥർവ ടൈഡെ എറിഞ്ഞ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി സൻവിര്‍ സിങ് വിജയ റൺസ് കുറിച്ചു.

പ്രബ്സിമ്രന് അർധ സെഞ്ചറി; തിളങ്ങി അഥർവ, റൂസ്സോ, ജിതേഷ് ശർമ

ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. ഓപ്പണർ പ്രബ്സിമ്രൻ സിങ് പഞ്ചാബിനായി അര്‍ധ സെ‍ഞ്ചറി (45 പന്തിൽ 71) നേടി. അഥര്‍വ ടൈഡെ (27 പന്തിൽ 46), റിലീ റൂസ്സോ (24 പന്തിൽ 49) എന്നിവരും തിളങ്ങി. മികച്ച തുടക്കമാണ് ഓപ്പണർമാർ പഞ്ചാബിന് നൽകിയത്. അഥർവ ടൈഡെയും പ്രബ്സിമ്രൻ സിങ്ങും ഒന്നാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്തു. അഥർവയെ ടി. നടരാജന്റെ പന്തിൽ സൻവിര്‍ സിങ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ റിലീ റൂസ്സോയും തകർത്തടിച്ചതോടെ 13.4 പന്തുകളിൽ പഞ്ചാബ് 150 പിന്നിട്ടു. 

srp-1
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഹൈദരാബാദ് താരങ്ങൾ. Photo: FB@IPL

പ്രബ്സിമ്രൻ സിങ്ങിനെ വിക്കറ്റ് കീപ്പർ ക്ലാസന്റെ കൈകളിലെത്തിച്ച് വിജയകാന്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. മധ്യനിരയിൽ ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മയും നിരാശപ്പെടുത്തി. ഇരുവരും രണ്ട് റൺസ് വീതമെടുത്തു പുറത്താകുകയായിരുന്നു. ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് റിലീ റൂസോയെ മടക്കിയത്. അവസാന ഓവറിൽ ക്യാപ്റ്റൻ ജിതേഷ് ശർമ പഞ്ചാബ് സ്കോർ 200 കടത്തി. 15 പന്തുകൾ നേരിട്ട ജിതേഷ് ശർമ 32 റൺസെടുത്തു പുറത്താകാതെനിന്നു. ഇന്നിങ്സിലെ അവസാന രണ്ടു പന്തുകളും പഞ്ചാബ് ക്യാപ്റ്റൻ സിക്സർ പറത്തി. ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

srp-4
പഞ്ചാബ് ക്യാപ്റ്റൻ ജിതേഷ് ശർമയും ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസും. Photo: FB@IPL

പഞ്ചാബ് കിങ്സ് പ്ലേയിങ് ഇലവന്‍– അഥർവ ടൈഡെ, പ്രബ്സിമ്രൻ സിങ്, റിലീ റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശർമ (ക്യാപ്റ്റൻ), അശുതോഷ് ശർമ, ശിവം ദുബെ, ഋഷി ധവാൻ, ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ, രാഹുൽ ചാഹർ.

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച് ക്ലാസൻ, അബ്ദുൽ സമദ്, ഷഹബാസ് അഹമ്മദ്, സൻവിർ സിങ്, പാറ്റ് കമിൻസ് (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, വിജയകാന്ത് വിയസ്‍കാന്ത്, ടി. നടരാജൻ.

English Summary:

IPL 2024, Sunrisers Hyderabad vs Punjab Kings Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com