യോർക്കർ വേണ്ട: ധോണിയെ പുറത്താക്കാൻ ബുദ്ധി ഉപദേശിച്ച് കോലി, അടുത്ത പന്തിൽ വിക്കറ്റ്
Mail This Article
ബെംഗളൂരു∙ ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ ഫിനിഷർ എം.എസ്.ധോണിയെ പുറത്താക്കാൻ ബോളർ യഷ് ദയാലിന് ബുദ്ധി ഉപദേശിച്ചത് വിരാട് കോലി. കളി തോൽക്കുമെങ്കിലും, അവസാന ഓവറിൽ 17 റൺസ് കൂടി നേടിയിരുന്നെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന് പ്ലേഓഫ് ഉറപ്പിക്കാമായിരുന്നു. യഷ് ദയാലിന്റെ ആദ്യ പന്തു തന്നെ ധോണി സിക്സർ പറത്തുകയും ചെയ്തു. 110 മീറ്റർ ദൂരമുള്ള വമ്പൻ സിക്സർ കണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചെന്നൈ ആരാധകർ ആവേശത്തിലായി.
അപ്പോഴായിരുന്നു കോലിയുടെ വരവ്. യഷ് ദയാലിന് അരികിലെത്തിയ കോലി യോർക്കർ എറിയാൻ നിൽക്കേണ്ടെന്ന ഉപദേശമാണു താരത്തിനു നൽകിയത്. ‘‘യോർക്കർ വേണ്ട, സ്ലോ ബോള്‍ മതിയാകും.’’– വിരാട് കോലി യഷ് ദയാലിനോടു പറഞ്ഞു. അടുത്ത പന്തിൽ കോലി പറഞ്ഞതുപോലെ ദയാൽ സ്ലോ ബോളിനു ശ്രമിച്ചു. ഇതോടെ പുൾ ഷോട്ട് അടിച്ച ധോണിക്കു നിയന്ത്രണം നഷ്ടമായി. ഉയർന്നു പൊങ്ങിയ പന്തു പിടിച്ചെടുത്ത് സ്വപ്നിൽ സിങ്ങാണു ധോണിയെ പുറത്താക്കിയത്.
13 പന്തുകൾ നേരിട്ട ധോണി 25 റൺസെടുത്തു പുറത്തായി. പിന്നീടുള്ള നാലു പന്തുകളിൽ ഒരു റൺ മാത്രമാണു ദയാൽ വഴങ്ങിയത്. അവസാന രണ്ടു പന്തുകൾ ചെന്നൈ ബാറ്റർ രവീന്ദ്ര ജഡേജയ്ക്കു തൊടാൻ പോലും സാധിച്ചില്ല. നാല് ഓവറുകള്‍ പന്തെറിഞ്ഞ യഷ് ദയാൽ 42 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ നേടി. ആറാം വിജയത്തോടെ 14 പോയിന്റും നെറ്റ് റൺറേറ്റിന്റെ ആനുകൂല്യവുമായി ആർസിബി പ്ലേഓഫിൽ കടന്നു.