ധോണി സിക്സടിച്ചത് നന്നായി: പുതിയ പന്ത് കിട്ടിയപ്പോൾ കളിമാറിയെന്ന് ഡികെ, പൊട്ടിച്ചിരിച്ച് കോലി
Mail This Article
ബെംഗളൂരു∙ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വെറ്ററൻ താരം എം.എസ്. ധോണി അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സടിച്ചത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഗുണം ചെയ്തെന്ന് ആർസിബി താരം ദിനേഷ് കാർത്തിക്ക്. മത്സരത്തിനു ശേഷം ആർസിബി താരങ്ങളോടു സംസാരിക്കുന്നതിനിടെയാണ് ദിനേഷ് കാർത്തിക്ക് വ്യത്യസ്തമായ നിലപാടു വ്യക്തമാക്കിയത്. കാർത്തിക്കിന്റെ വാക്കുകൾ കേട്ട് ആർസിബി സൂപ്പർ താരം വിരാട് കോലി ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിക്കുന്നുണ്ട്.
‘‘ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ഞങ്ങൾക്കു സംഭവിച്ച ഏറ്റവും മികച്ച കാര്യം അവസാന ഓവറിലെ ആദ്യ പന്തിൽ എം.എസ്.ധോണി അടിച്ച സിക്സാണ്. ആ സിക്സ് സ്റ്റേഡിയത്തിനു പുറത്തുപോയതിനാലാണ് ഞങ്ങൾക്ക് പുതിയ പന്ത് ലഭിച്ചത്. നനഞ്ഞ പഴയ പന്തിൽ ഗ്രിപ് ചെയ്യാൻ ബോളർമാർ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. പുതിയ പന്ത് ലഭിച്ചതോടെ ആ പ്രശ്നം ഒഴിവായി.’’– ദിനേഷ് കാർത്തിക്ക് പറഞ്ഞു.
നിർണായക മത്സരത്തിൽ 27 റൺസിനാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിജയിച്ചത്. യഷ് ദയാൽ എറിഞ്ഞ അവസാന ഓവറിൽ 17 റൺസ് എടുത്തിരുന്നെങ്കില്‍ ചെന്നൈയ്ക്ക് നെറ്റ് റൺറേറ്റിന്റെ കരുത്തിൽ പ്ലേഓഫ് ഉറപ്പിക്കാമായിരുന്നു. ആദ്യ പന്തിൽ എം.എസ്. ധോണി 110 മീറ്റർ സിക്സ് അടിച്ചിരുന്നു. എന്നാൽ അടുത്ത പന്തിൽ ധോണിയെ യഷ് ദയാൽ പുറത്താക്കി.
തുടർന്നുള്ള നാലു പന്തുകളിൽ ആർസിബി പേസർ ഒരു റൺ മാത്രമാണു വഴങ്ങിയത്. അവസാന രണ്ടു പന്തുകൾ തൊടാൻ പോലും ചെന്നൈ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കു സാധിച്ചില്ല. ഇതോടെ ചെന്നൈയെ പിന്തള്ളി ആർസിബി പ്ലേഓഫ് ഉറപ്പിച്ചു. എലിമിനേറ്റർ പോരാട്ടത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് ബെംഗളുരുവിന്റെ എതിരാളികൾ.